വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യൻ വിനോദസഞ്ചാരികളുടെ മരണത്തിന് പിന്നാലെ ക്യാപ്റ്റൻ അറസ്റ്റിൽ; ക്രൂവിന്റെ അനാസ്ഥയെന്ന് ദൃക്സാക്ഷികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യൻ വിനോദസഞ്ചാരികളുടെ മരണത്തിന് പിന്നാലെ ക്യാപ്റ്റൻ അറസ്റ്റിൽ; ക്രൂവിന്റെ അനാസ്ഥയെന്ന് ദൃക്സാക്ഷികൾ

ഹനോയ്: വിയറ്റ്നാമിലെ ഫു ക്വോക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് 15 പേർ മരിച്ച സംഭവത്തിൽ ബോട്ടിന്റെ ക്യാപ്റ്റനെ വിയറ്റ്നാം പൊലീസ് അറസ്റ്റ് ചെയ്തു. ജലഗതാഗത സുരക്ഷാ നിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.

ശനിയാഴ്ച നടന്ന അപകടത്തിൽ 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് വിയറ്റ്നാം ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ 21 പേരെ രക്ഷപ്പെടുത്തി. ഇവരിൽ 16 പേർ ആശുപത്രിവിട്ടു ഇന്ത്യയിലേക്ക് മടങ്ങിയതായും ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു. കൊല്ലപ്പെട്ട 15 ഇന്ത്യക്കാരുടെ ഭൗതികാവശിഷ്ടങ്ങൾ ഹോ ചി മിൻ സിറ്റിയിലേക്ക് മാറ്റിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് കൊണ്ടുപോകും.

ക്രൂവിന്റെ അനാസ്ഥയെന്ന് ദൃക്സാക്ഷികൾ

അപകടത്തിന് കാരണം മോശം കാലാവസ്ഥ മാത്രമല്ലെന്നും, ബോട്ടിലെ ജീവനക്കാരുടെ അശ്രദ്ധയും രക്ഷാപ്രവർത്തനത്തിലെ കാലതാമസവും മരണസംഖ്യ വർധിപ്പിച്ചെന്നുമാണ് ദൃക്സാക്ഷികളുടെ ആരോപണം. ബോട്ട് ദ്വീപിൽ നിന്ന് 500 മീറ്ററോളം മാത്രം അകലെ എത്തിയപ്പോഴാണ് ശക്തമായ തിരമാലകളിൽപ്പെട്ട് നിമിഷങ്ങൾക്കകം മറിഞ്ഞതെന്ന് അവർ പറയുന്നു.

ദൃക്സാക്ഷികളുടെ മൊഴിപ്രകാരം എല്ലാ യാത്രക്കാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുവെങ്കിലും ചിലർ അത് ശരിയായി മുറുക്കിയിരുന്നില്ല. ബോട്ട് മറിഞ്ഞതോടെ നിരവധി പേർ അതിനുള്ളിൽ കുടുങ്ങി മുങ്ങിമരിക്കുകയായിരുന്നു. സമയബന്ധിതമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ കൂടുതൽ ജീവനുകൾ രക്ഷിക്കാനായേനെയെന്നും അവർ ആരോപിച്ചു.

സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ച വിയറ്റ്നാം അധികൃതർ ബോട്ടിന്റെ പ്രവർത്തനം, കാലാവസ്ഥാ മുന്നറിയിപ്പുകൾ പാലിച്ചിരുന്നോയെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.