പ്രളയത്തിൽ ഒഴുകിപ്പോയത് 3,000-ത്തിലധികം ഗ്യാസ് സിലിണ്ടറുകൾ; മഹാരാഷ്ട്രയിൽ അപൂർവ കാഴ്ച

പ്രളയത്തിൽ ഒഴുകിപ്പോയത് 3,000-ത്തിലധികം ഗ്യാസ് സിലിണ്ടറുകൾ; മഹാരാഷ്ട്രയിൽ അപൂർവ കാഴ്ച

റായ്ഗഡ്: മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ 3,000-ത്തിലധികം എൽപിജി സിലിണ്ടറുകൾ നദിയിലേക്ക് ഒഴുകിപ്പോയ സംഭവമാണ് ശ്രദ്ധ നേടുന്നത്. റായ്ഗഡ് ജില്ലയിലെ ഒരു എൽപിജി ബോട്ട്ലിങ് പ്ലാന്റിൽ വെള്ളം കയറിയതോടെയാണ് സംഭവം.

ശക്തമായ വെള്ളപ്പാച്ചിലിൽ പ്ലാന്റിന്റെ സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന് സിലിണ്ടറുകൾ പാതൽഗംഗ നദിയിലേക്ക് ഒഴുകുകയായിരുന്നു. നദിയിലൂടെ നൂറുകണക്കിന് സിലിണ്ടറുകൾ ഒഴുകുന്ന ദൃശ്യങ്ങൾ പ്രദേശവാസികൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു.

സംഭവവിവരമറിഞ്ഞ് നിരവധി ആളുകൾ നദീതീരങ്ങളിലേക്ക് എത്തിയെങ്കിലും, സിലിണ്ടറുകൾ സ്വന്തമായി കൈകാര്യം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഒഴുകിയെത്തുന്ന സിലിണ്ടറുകൾ കണ്ടാൽ ഉടൻ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. എത്ര സിലിണ്ടറുകൾ തിരിച്ചുകിട്ടിയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

അതേസമയം, മഹാരാഷ്ട്രയുൾപ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ടും പ്രളയസാഹചര്യവും രൂപപ്പെട്ടിട്ടുണ്ട്. ഡൽഹി ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ കെട്ടിടങ്ങൾ തകർന്നുവീണും മറ്റ് മഴക്കെടുതികളിലും അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.