മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈ–പൂനെ റെയിൽപാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് കർജത്തിനും ലോനാവലയ്ക്കുമിടയിലെ ഘട്ട് മേഖലയിലുണ്ടായ മണ്ണിടിച്ചിൽ റെയിൽഗതാഗതത്തെ ബാധിച്ചത്.
സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷനിലെ താക്കൂർവാടിക്കും മങ്കി ഹില്ലിനും ഇടയിലുള്ള പാളങ്ങളിലേക്ക് മണ്ണും പാറക്കല്ലുകളും ഇടിഞ്ഞുവീണതോടെയാണ് ഗതാഗതം നിലച്ചത്. സംഭവത്തെ തുടർന്ന് മുംബൈ–പൂനെ റൂട്ടിലോടുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചില സർവീസുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.
ഖണ്ഡാലയ്ക്കും മങ്കി ഹില്ലിനും ഇടയിലും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചു. ഇതിനെ തുടർന്ന് മുംബൈയിലേക്കുള്ള അപ്പ് ലൈൻ, പൂനെയിലേക്കുള്ള ഡൗൺ ലൈൻ, മിഡിൽ ലൈൻ എന്നിവയുൾപ്പെടെ മൂന്ന് പാതകളിലെയും ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
പാളങ്ങളിലെ മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഗതാഗതം പുനഃസ്ഥാപിക്കാൻ റെയിൽവേ ഉദ്യോഗസ്ഥർ ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.