‘അമ്മ’യിലെ മക്കളുടെ തമ്മിലടി; ശ്വേതാ മേനോനെതിരെ മാലാ പാർവതിയും അൻസിബയും ഉൾപ്പെടെയുള്ള നടിമാർ

‘അമ്മ’യിലെ മക്കളുടെ തമ്മിലടി; ശ്വേതാ മേനോനെതിരെ മാലാ പാർവതിയും അൻസിബയും ഉൾപ്പെടെയുള്ള നടിമാർ

കൊച്ചി: നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ പ്രസിഡന്റ് ശ്വേതാ മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു വിഭാഗം നടിമാർ. മാലാ പാർവതി,ഉഷ ഹസീന, അൻസിബ ഹസൻ, മായാ വിശ്വനാഥ് എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. ‘അമ്മ’ സംഘടനയ്ക്കുള്ളിൽ വർഗീയ ധ്രുവീകരണത്തിന് ശ്വേതാ മേനോൻ ശ്രമിച്ചുവെന്നാണ് നടിമാരുടെ പ്രധാന ആരോപണം. പരാതിയുമായി എത്തിയ അൻസിബയെ സംഘടനയിൽ നിന്ന് പുറത്താക്കാനാണ് ഭരണസമിതി ശ്രമിച്ചതെന്നും നടിമാർ ആരോപിച്ചു.

സ്വകാര്യ ഫോൺസംഭാഷണം ശ്വേതാ മേനോൻ പുറത്തുവിട്ടത് തെറ്റാണെന്നും സംഭാഷണത്തിന്റെ പല ഭാഗങ്ങളും മ്യൂട്ട് ചെയ്ത ശേഷമാണ് അത് പുറത്തുവിട്ടതെന്നും നടിമാർ വിമർശിച്ചു. ‘അമ്മ’യിൽ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാൻ ശ്രമിച്ചാൽ ശക്തമായി എതിർക്കുമെന്നും ശ്വേതാ മേനോൻ നടത്തിയതായി പറയുന്ന വർഗീയ ധ്രുവീകരണം ഒരു ആരോപണമല്ല, തങ്ങൾ നേരിട്ട് അനുഭവിച്ച കാര്യങ്ങളാണെന്നുമാണ്. ജനറൽ ബോഡി തെരഞ്ഞെടുത്ത കൺവീനറെ അപമാനിച്ച് സ്ഥാനത്തുനിന്ന് മാറ്റിയെന്നും മാലാ പാർവതി കുറ്റപ്പെടുത്തി.

ശ്വേതാ മേനോന്റെ തിരിച്ചുവരവിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സംശയവും മാലാ പാർവതി പ്രകടിപ്പിച്ചു. ലക്ഷ്മിപ്രിയയുമായുള്ള കൂട്ടുകെട്ട് അതിന്റെ ഉദാഹരണമാണെന്നും അവർ പറഞ്ഞു. അൻസിബയ്ക്ക് പിന്നിൽ മതതീവ്രവാദികളുണ്ടെന്ന ആരോപണം ഉന്നയിച്ചിട്ടും അതിന് തെളിവ് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു.

കോടതി ഉത്തരവില്ലാതെ ശ്വേതാ മേനോൻ ‘അമ്മ’ ഓഫീസിലെത്തിയാൽ തടയുമെന്നും മാലാ പാർവതി മുന്നറിയിപ്പ് നൽകി.അതേസമയം, പരാതിയുമായി എത്തുന്ന സ്ത്രീകളെ അപമാനിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് അൻസിബ ഹസൻ ആരോപിച്ചു. നീതി ലഭിക്കാൻ കോടതിയെ മാത്രം ആശ്രയിക്കേണ്ട സാഹചര്യമാണുള്ളതെന്നും അവർ പറഞ്ഞു. ‘ജിഹാദി’ എന്ന് വിളിച്ച സംഭവത്തെ പൊലീസ് നിസാരവൽക്കരിച്ചെന്നും അത് തനിക്ക് വലിയ മാനസിക വേദനയുണ്ടാക്കിയെന്നും അൻസിബ കൂട്ടിച്ചേർത്തു.