കൊച്ചി: ‘അമ്മ’ പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നടി ഉഷാ ഹസീനയുടെ കടുത്ത പ്രതികരണം. പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെച്ച ശ്വേതാ മേനോൻ സ്ഥാനമൊഴിയാതെ തുടരാൻ ശ്രമിച്ചാൽ സംഘടനയിലെ വനിതാ അംഗങ്ങൾ ഒന്നിച്ചുചേർന്ന് ‘അമ്മ’ ഓഫീസിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുമെന്ന് ഉഷാ ഹസീന ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി. സംഘടനയുടെ നിലനിൽപ്പാണ് ഏറ്റവും പ്രധാനമെന്നും, അതിനെ തകർക്കുന്ന നടപടികൾ ആരിൽ നിന്നായാലും അംഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കി.
ജനറൽ ബോഡി യോഗത്തിൽ ഭരണസമിതിക്ക് കണക്കുകളും റിപ്പോർട്ടും തൃപ്തികരമായി അവതരിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് ഉഷാ ഹസീന ആരോപിച്ചു. ഇതേ തുടർന്നാണ് ഭരണസമിതി രാജിവെക്കണമെന്ന ആവശ്യം അംഗങ്ങളിൽ നിന്ന് ഉയർന്നതെന്നും അവർ പറഞ്ഞു.
‘ഭരണസമിതി തുടരണമെന്ന് ആവശ്യപ്പെട്ടപ്പോൾ വെറും 17 മുതൽ 18 പേർ വരെ മാത്രമാണ് കൈ ഉയർത്തിയത്. എന്നാൽ ഭരണസമിതി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഭൂരിപക്ഷം അംഗങ്ങളും കൈ ഉയർത്തി. ഇത് ഒരുതവണയല്ല, രണ്ടുതവണ സംഭവിച്ചു,’ ഉഷാ ഹസീന പറഞ്ഞു.
തുടർന്ന് പ്രസിഡന്റ് താനും തന്റെ ടീമും രാജിവെക്കുന്നതായി രണ്ട് തവണ പ്രഖ്യാപിച്ചുവെന്നും അവർ പറഞ്ഞു. പ്രസിഡന്റിനെതിരെ ഒരു ആരോപണം ഉയർന്നപ്പോൾ ജനറൽ ബോഡിക്ക് മുന്നിൽ അതിന് വിശദീകരണം നൽകാതെ, ‘അമ്മ’യിലെ പ്രാഥമിക അംഗത്വത്തിൽ നിന്നുകൂടി രാജിവെക്കുകയാണെന്നും ഇനി കോടതിയിലും മാധ്യമങ്ങളിലുമായിരിക്കും പ്രതികരിക്കുകയെന്നും പറഞ്ഞ് യോഗത്തിൽ നിന്ന് പുറത്തുപോയതായും ഉഷാ ഹസീന ആരോപിച്ചു. സംഭവത്തിൽ ശ്വേതാ മേനോന്റെയോ ‘അമ്മ’ നേതൃത്വത്തിന്റെയോ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.