വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പ് വ്യാപകം; ജനങ്ങൾക്ക് കേരള പോലീസിന്റെ കർശന മുന്നറിയിപ്പ്

വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പ് വ്യാപകം; ജനങ്ങൾക്ക് കേരള പോലീസിന്റെ കർശന മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള ലോട്ടറിയുടെ പേരും ലോഗോയും ഔദ്യോഗിക വെബ്സൈറ്റിനോട് സാമ്യമുള്ള രൂപകൽപ്പനയും ദുരുപയോഗം ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ വ്യാപകമാകുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകി.

“മെഗാ ബമ്പർ ധമാക്കാ ഓഫർ”, “25 കോടി സമ്മാനം”, “കേരള ഭാഗ്യക്കുറി ഓൺലൈൻ ബുക്കിംഗ്” തുടങ്ങിയ ആകർഷകമായ പരസ്യങ്ങളിലൂടെയാണ് തട്ടിപ്പുകാർ ആളുകളെ വലയിലാക്കുന്നത്. ഇത്തരം പരസ്യങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവർ വ്യാജ വെബ്സൈറ്റുകളിലേക്കോ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കോ എത്തിക്കപ്പെടുന്നു. സർക്കാർ ചിഹ്നങ്ങളും കേരള സംസ്ഥാന ലോട്ടറിയുടെ പേരും ഉപയോഗിച്ചാണ് ഈ വെബ്സൈറ്റുകൾ തയ്യാറാക്കുന്നത്.

വിജയസാധ്യതയുള്ളതായി അവകാശപ്പെടുന്ന ചില ലോട്ടറി നമ്പറുകൾ പ്രസിദ്ധീകരിച്ച് വിശ്വാസം നേടിയെടുക്കുന്ന തട്ടിപ്പുകാർ പിന്നീട് “റിസൾട്ട് പരിശോധിക്കുക” എന്ന പേരിൽ മൊബൈൽ നമ്പർ ആവശ്യപ്പെടുന്നു. നമ്പർ നൽകിയ ശേഷം ഉപയോക്താവിന് വലിയ സമ്മാനം ലഭിച്ചതായി അഭിനന്ദന സന്ദേശം അയയ്ക്കുകയും ചെയ്യുന്നു.

തുടർന്ന് സമ്മാനത്തുക ലഭിക്കാൻ പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ്‌സി കോഡ്, ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്നു. സർക്കാർ ലെറ്റർഹെഡും ചിഹ്നവും ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ രേഖകൾ കാണിച്ച് രജിസ്ട്രേഷൻ ഫീസ്, പ്രോസസ്സിംഗ് ഫീസ്, ജിഎസ്ടി, ടാക്സ് ക്ലിയറൻസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയ പേരുകളിൽ പണം ആവശ്യപ്പെടുന്നതായും പോലീസ് വ്യക്തമാക്കി. പണം കൈപ്പറ്റിയ ശേഷവും കൂടുതൽ തുക ആവശ്യപ്പെടുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേരളത്തിൽ ഓൺലൈൻ വഴി കേരള ലോട്ടറി ടിക്കറ്റുകൾ വാങ്ങുന്നതും വിൽക്കുന്നതും പൂർണമായും നിരോധിച്ചിട്ടുള്ളതാണെന്ന് കേരള പോലീസ് ഓർമ്മിപ്പിച്ചു. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ലോട്ടറി പരസ്യങ്ങളും ലിങ്കുകളും വിശ്വസിക്കരുതെന്നും, വ്യാജ വെബ്സൈറ്റുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയോ പണം കൈമാറുകയോ ചെയ്യരുതെന്നും നിർദേശിച്ചു.

സമ്മാനം ലഭിച്ചതായി പറഞ്ഞ് രജിസ്ട്രേഷൻ ഫീസ്, പ്രോസസ്സിംഗ് ഫീസ്, ജിഎസ്ടി, നികുതി, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയ പേരുകളിൽ പണം ആവശ്യപ്പെട്ടാൽ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒടിപി, യുപിഐ പിൻ, ആധാർ നമ്പർ തുടങ്ങിയ രഹസ്യ വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നേരിട്ടാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലോ പരാതി നൽകണമെന്ന് കേരള പോലീസ് അഭ്യർഥിച്ചു.