തിരുവനന്തപുരം : അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ആഹ്വാനപ്രകാരമുള്ള “ഒളിമ്പിക് ഫോറസ്റ്റ്” വൃക്ഷതൈ നടൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിച്ചു.
നിയമസഭാ വളപ്പിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ,സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കായിക മന്ത്രി ഒ ജെ ജനീഷ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മേയർ വി വി രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ്, എംഎൽഎമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, ബിബി ഗോപകുമാർ, എം ആർ ബൈജു, തോമസ് ഉണ്ണിയാടൻ, കേരള ഒളിമ്പിക് അസോസിയഷൻ പ്രസിഡന്റ് വി സുനിൽകുമാർ, സെക്രട്ടറി ജനറൽ എസ് രാജീവ്, വൈസ് പ്രസിഡന്റും എക്സിക്യൂട്ടീവ് ഡയറക്ടറുമായ എസ് എൻ രഘുചന്ദ്രൻ നായർ എന്നിവർ വൃക്ഷത്തെകൾ നട്ടു. 2036 ഒളിമ്പിക്സിന് വേദിയാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമായി 2036 മരങ്ങൾ നടുന്നതാണ് ഒളിമ്പിക് ഫോറസ്റ്റ് പദ്ധതി. എല്ലാം ജില്ലകളിലും വൃക്ഷത്തെ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു.
കേരള ഒളിമ്പിക് അസോസിയേഷൻ, സംസ്ഥാനസർക്കാരിന്റെ സഹകരണത്തോടയാണ് കേരളത്തിൽ ഒളിമ്പിക് ഫോറസ്റ്റ് പദ്ധതി നടപ്പിലാക്കുന്നത്. തുടർന്ന് നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രി വൃക്ഷത്തെ വിതരണം ചെയ്തു. പരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അതിഥികളെ എഷ്യൻ ഗെയിംസ് ഭാഗ്യചിഹ്നം ഹോനോഹോൻ സ്വീകരിച്ചത് വേറിട്ട കാഴ്ചയായി.
ഈ മാസം 23നാണ് ഒളിമ്പിക് ദിനാഘോഷം. 2026-ലെ ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന ഏഷ്യൻ ഗെയിംസ് ഫൺ റൺ അന്ന് തിരുവനന്തപുരത്ത് നടക്കും. ഫൺ റണ്ണിന്റെ ഇന്ത്യയിലെ ഏകവേദിയാണ് തിരുവനന്തപുരം. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, തിരുവനന്തപുരം നഗരസഭ, കേരള സർവകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള സർക്കാർ സഹകരണത്തോടെ 23-ന് വൈകിട്ട് 4 ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന ഫൺ റൺ സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിക്കും.