തിരുവനന്തപുരം :വോട്ടെണ്ണൽ കഴിയുംവരെ ഒരു മുറിയും തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തന്‍ യു. ഖേല്‍ക്കര്‍. സീൽ ചെയ്യാത്ത മുറികളും തുറക്കാൻ പാടില്ലെന്നാണ് കർശന നിർദേശം. സംഭവത്തില്‍ അദ്ദേഹം ജില്ലാ കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു.
എന്തിന് വിവരങ്ങള്‍ തിരക്കിട്ട് അപ്ഡേറ്റ് ചെയ്യണം? കണക്കെടുപ്പിനാണ് മുറി തുറക്കുന്നതെങ്കില്‍ വോട്ടെണ്ണല്‍ കഴിഞ്ഞിട്ട് കണക്കുകള്‍ അപ്ഡേറ്റ് ചെയ്താല്‍ മതി. തിരക്കിട്ട് മുറികള്‍ തുറന്ന് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ഏതെങ്കിലും തരത്തില്‍ മുറികള്‍ തുറന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി.
പാലക്കാട് നെന്മാറയിലെ സ്ട്രോംഗ് റൂം തുറക്കേണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പാലക്കാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി സ്ട്രോംഗ് റൂമില്‍ വച്ച് മറന്നതിനാല്‍ മുറി തുറക്കാനായിരുന്നു ഇന്ന് തീരുമാനിച്ചിരുന്നത്. സ്ഥാനാര്‍ത്ഥികളെയും ഏജന്റുമാരെയും മുറി തുറക്കുന്ന കാര്യം ഫോണില്‍ വിളിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും പാലക്കാട് ഡിസിസി പ്രസിഡന്റും സ്ട്രോംഗ് റൂം തുറക്കുന്നതിനെ എതിര്‍ത്തിരുന്നു. രേഖാമൂലമുള്ള അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈ വിഷയം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഒരു സ്ട്രോംഗ് റൂമും തുറക്കേണ്ടതില്ലെന്ന് അദ്ദേഹം നിര്‍ദേശം നല്‍കിയത്.
അതേസമയം, പേരാമ്പ്ര മണ്ഡലത്തിലെ സ്ട്രോംഗ് റൂം തുറന്ന സംഭവത്തില്‍ ഇന്നുതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി. ഏത് സാഹചര്യത്തിലായാലും മുറി തുറന്നതു ഗൗരവതരമായ വിഷയമാണെന്നും തുടര്‍നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്ട്രോംഗ് റൂം തുറന്നതിനെതിരെ യുഡിഎഫ് പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സ്ട്രോംഗ് റൂം തുറന്നതെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. എന്നാല്‍ സ്ട്രോംഗ് റൂമിന് സമീപമുള്ള റിസര്‍വ് റൂമാണ് തുറന്നതെന്നായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് മുറിയില്‍ വച്ച് മറന്നതിനാല്‍ അത് എടുക്കാനാണ് സ്ഥാനാര്‍ഥികളെയും ഏജന്റുമാരെയും അറിയിച്ച് അവരുടെ സാന്നിധ്യത്തില്‍ മുറി തുറന്നതെന്നായിരുന്നു റിട്ടേണിംഗ് ഓഫീസര്‍ വിശദീകരിച്ചത്. തന്നെ അറിയിച്ചിരുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയും വ്യക്തമാക്കിയിരുന്നു

Leave feedback about this