കൊച്ചി: പുണ്യ റമദാന്‍ മാസത്തിൽ നിലാരംബരായ ഒട്ടനേകം മനുഷ്യർക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. പത്തനാപുരം ഗാന്ധിഭവനും, കൊല്ലത്തെ പുവർ ഹോമിനുമടക്കം എണ്ണിയാൽ ഒടുങ്ങാത്ത സഹായമാണ് എം.എ യൂസഫലി നൽകിയത്. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങൾക്കായി ഇത്തരത്തിൽ രണ്ടരകോടിയുടെ സഹായം നൽകി. ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കായി ഒരു കോടി രൂപയുടെ സഹായമാണ് എം.എ യൂസഫലി കൈമാറിയത്. എല്ലാവര്‍ക്കും സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും മരുന്നിനും ചികിത്സയ്ക്കുമായാണ് തുക കൈമാറിയത്. ആയിരത്തഞ്ഞൂറിലേറെ അന്തേവാസികളാണ് പത്തനാപുരം ഗാന്ധിഭവനിലുള്ളത്.
കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട്ട് സെന്ററിന് എം.എ യൂസഫലി പതിവ് തെറ്റിക്കാതെ സഹായം എത്തിച്ചു. ഒരു കോടി രൂപയുടെ സഹായമാണ് കൈമാറിയത്. സെന്ററിന്റെ പ്രവർത്തനങ്ങൾക്കും ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനുമായി നൽകുന്ന സഹായത്തിന്റെ തുടർച്ചയായാണ് ഈ തുക. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടത്തിവരുന്ന അന്നദാനത്തിനായി പുണ്യ റമദാൻ മാസത്തിൽ ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ സഹായം അദ്ദേഹം നൽകി. തുടർച്ചയായി നാലാം വർഷവും മുടക്കമില്ലാതെയാണ് ശാന്തിഗിരി ആശ്രമത്തിലേക്ക് സഹായം എത്തിച്ചത്. ജാതി മത ഭേദമന്യേ ഓരോ ദിവസവും ആയിരക്കണക്കിനാളുകള്‍ക്ക് ശാന്തിഗിരിയില്‍ അന്നദാനം നല്‍കുന്നുണ്ട്. വിശുദ്ധ റമദാൻ മാസത്തിൽ അന്നദാനത്തിനുള്ള പ്രത്യേക പുണ്യം കൂടി കണക്കിലെടുത്താണ് യൂസഫലിയുടെ സഹായം.
കൊല്ലം മുണ്ടയ്ക്കല്‍ പുവർഹോമിലെ നിലാരംബരായ അന്തേവാസികളെ ചേർത്ത് പിടിച്ച് പത്താം വർഷവും യൂസഫലി സഹായം എത്തിച്ചു. പുവർഹോമിലെ കുടുംബാംഗങ്ങൾക്കുള്ള റമദാൻ സമ്മാനമായി 25 ലക്ഷം രൂപയുടെ ധനസഹായമാണ് യൂസഫലി കൈമാറിയത്. പുവർഹോമില്‍ സ്ത്രീകളും പുരുഷന്മാരുമടക്കം ആകെ 81 അന്തേവാസികളാണുള്ളത്. എല്ലാവരുടെയും ഭക്ഷണത്തിനും, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും, ശുചിമുറികള്‍, ചികിത്സാ സൗകര്യങ്ങള്‍, മാനസികോല്ലാസത്തിനുള്ള സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിനുമായാണ് പത്താം വർഷവും മുടക്കമില്ലാതെ യൂസഫലി സഹായം നൽകിയത്. എം.എ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയി ഷഡാനന്ദൻ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ ചേർന്ന് വിവിധ സ്ഥാപനങ്ങളിലേക്കുള്ള ധനസഹായങ്ങൾ കൈമാറി.

Leave feedback about this