breaking-news Business

ടെലികോം വിപ്ലവത്തിന്റെ പുതിയ ഘട്ടം പ്രഖ്യാപിച്ച് ജിയോ

എഐ ടോക്കണുകൾ വൻതോതിൽ വിതരണം ചെയ്യാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ സ്‌കെയിലബിൾ ടോക്കൺ സേവന ദാതാവാകാനാണ് ജിയോ പ്ലാറ്റ്‌ഫോംസ് ഒരുങ്ങുന്നതെന്ന് ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ

ആഗോളതലത്തിൽ ഈ വർഷം ഏകദേശം 3 ട്രില്യൺ ഡോളറിന്റെ നിക്ഷേപമാണ് എഐ മേഖലയിൽ പ്രതീക്ഷിക്കുന്നതെന്നും മാത്യു ഉമ്മൻ

ബാഴ്‌സലോണ: ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി പ്രദർശനമായ ബാഴ്‌സലോണയിലെ മൊബൈൽ വേൾഡ് കോൺഗ്രസിൽ സുപ്രധാന പ്രഖ്യാപനം നടത്തി ജിയോ പ്ലാറ്റ്‌ഫോംസ് ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ. ആഗോള ടെലികോം മേഖലയുടെ ദിശ മാറ്റിക്കുറിക്കുന്ന സുപ്രധാന പ്രഖ്യാപനത്തിനാണ് മൊബൈൽ വേൾഡ് കോൺഗ്രസ് സാക്ഷ്യം വഹിച്ചത്. കണക്റ്റിവിറ്റി എന്നതിനപ്പുറം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രീകൃതമായ ഒരു ഭാവിയിലേക്കുള്ള ജിയോ പ്ലാറ്റ്‌ഫോംസിന്റെ ചുവടുമാറ്റമാണ് സിഇഒ വ്യക്തമാക്കിയത്. ടെലികോം വിനിമയങ്ങളുടെ മൂല്യം അളക്കുന്ന രീതിയിൽ തന്നെ ഒരു ‘യുഗമാറ്റം’ അനിവാര്യമാണെന്ന് മാത്യു ഉമ്മൻ വ്യക്തമാക്കി. കേവലം ഡാറ്റ കൈമാറുന്ന ശൃംഖലകളിൽ നിന്ന് ആധുനിക എഐ സേവനങ്ങളുടെ പവർഹൗസുകളായി ടെലികോം കമ്പനികൾ മാറുന്ന കാഴ്ചപ്പാടാണ് അദ്ദേഹം പങ്കുവെച്ചത്.

‘ഈ മാറ്റം സാങ്കേതികമായ ഒരു അപ്‌ഗ്രേഡ് മാത്രമല്ല; മറിച്ച് ടെലികോം കമ്പനികൾ എങ്ങനെ വരുമാനം കണ്ടെത്തുന്നു എന്നതിലും ഉപഭോക്താക്കൾക്ക് എങ്ങനെ മൂല്യം നൽകുന്നു എന്നതിലും വരുന്ന കാതലായ മാറ്റമാണ്.’ ടെലികോം വ്യവസായം മൂന്നാമത്തെ വലിയ പരിണാമ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. വോയ്‌സ് കോളുകളിൽ നിന്ന് ഡാറ്റയിലേക്കും, ഇപ്പോൾ എഐ പ്രോസസ്സിംഗിന്റെ അടിസ്ഥാന യൂണിറ്റായ ‘ടോക്കണുകളിലേക്കും’ ഈ വിപണി മാറുന്നു. എഐ മാതൃകകൾ വിവരങ്ങൾ വിശകലനം ചെയ്യാനും ഭാഷ കൈകാര്യം ചെയ്യാനും ഉപയോഗിക്കുന്ന അടിസ്ഥാന യൂണിറ്റുകളെയാണ് ‘ടോക്കണുകൾ’ എന്ന് വിശേഷിപ്പിക്കുന്നത്. ടെലികോം സേവനങ്ങളുടെ ആദ്യഘട്ടം. സംസാരത്തിന്റെ ദൈർഘ്യം വരുമാന മാർഗ്ഗമായിരുന്ന കാലമായിരുന്നു. രണ്ടാം ഘട്ടം ഡാറ്റ ബൈറ്റുകളുടേതായിരുന്നു. മൂന്നാം ഘട്ടമാണ് എഐ ടോക്കണുകൾ. ഇവിടെ എഐ പ്രോസസ്സിംഗിനും കമ്പ്യൂട്ടിംഗിനും ആവശ്യമായ ടോക്കണുകൾ സേവനങ്ങളുടെ പുതിയ അളവുകോലാകുന്നു. കണക്റ്റിവിറ്റി എന്ന പ്രാഥമിക ലക്ഷ്യത്തിനപ്പുറം, നെറ്റ്‌വർക്കിനുള്ളിൽ തന്നെ അതിവേഗത്തിലുള്ള എഐ പ്രോസസ്സിംഗ് സാധ്യമാക്കുക എന്നതാണ് ജിയോ ഇതിലൂടെ ലക്ഷ്യമിടുന്നത്-അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ വിപണിയിൽ വോയ്‌സ് കോളുകൾ സൗജന്യമാക്കിയും, ഒരു ജിബി ഡാറ്റയ്ക്ക് ഒൻപത് സെന്റ് എന്ന ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്ക് നിശ്ചയിച്ചും വിപ്ലവം സൃഷ്ടിച്ച ചരിത്രമാണ് ജിയോയുടേത്. അതേ രീതിയിലുള്ള ഒരു ‘െ്രെപസിംഗ് ഡിസ്‌റപ്ഷൻ’ ആണ് എഐ മേഖലയിലും ജിയോ വിഭാവനം ചെയ്യുന്നത്. എഐ പ്രോസസ്സിംഗ് എന്നത് വലിയ തോതിൽ വൈദ്യുതിയും കമ്പ്യൂട്ടിംഗ് ശേഷിയും ആവശ്യമായ ഒന്നാണ്. അതിനാൽ, ‘ഡോളർ പെർ ടോക്കൺ പെർ വാട്ട്’ എന്ന പുതിയ മാനദണ്ഡത്തിൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് ലഭ്യമാക്കുക എന്നതാണ് ജിയോയുടെ തന്ത്രം.

ജിയോ സ്വന്തമായി ഒരു ‘ഇന്റലിജൻസ് ഗ്രിഡ്’ വികസിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തിൽ ഈ വർഷം ഏകദേശം 3 ട്രില്യൺ ഡോളറിന്റെ നിക്ഷേപമാണ് എഐ മേഖലയിൽ പ്രതീക്ഷിക്കുന്നതെന്നും മാത്യു ഉമ്മൻ പറഞ്ഞു. ഈ വലിയ നിക്ഷേപത്തിന്റെ പ്രയോജനം ഇന്ത്യയിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ജിയോ പ്ലാറ്റ്‌ഫോംസിന്റെ ലക്ഷ്യം. എഐ ടോക്കണുകൾ വൻതോതിൽ വിതരണം ചെയ്യാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ സ്‌കെയിലബിൾ ടോക്കൺ സേവന ദാതാവാകാനാണ് കമ്പനി ഒരുങ്ങുന്നത്.

നെറ്റ്‌വർക്കുകൾ കേവലം ഇന്റർനെറ്റ് നൽകുന്ന പ്ലാറ്റ്‌ഫോമുകൾ അല്ലാതെ, ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കാൻ ശേഷിയുള്ള ഉപകരണങ്ങളുടെ അടിസ്ഥാന പാളിയായി മാറുകയാണ്. ലോകത്തിന്റെ എഐ ‘ബാക്ക് ഓഫീസ്’ ആയി ഇന്ത്യയെ മാറ്റാൻ ഈ നീക്കം സഹായിക്കും. ദശലക്ഷക്കണക്കിന് ഇന്ത്യൻ ഉപഭോക്താക്കളുടെ ഡിജിറ്റൽ ജീവിതത്തെ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുന്ന ഈ മാറ്റം, ആഗോള ടെലികോം വിപണിയിൽ ഇന്ത്യയുടെ മേധാവിത്വം ഒരിക്കൽ കൂടി ഉറപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video