breaking-news Kerala

അംഗത്വം പുതുക്കാനുമില്ല തുടരാനുമില്ല ; പാര്‍ട്ടി വിടുകയാണെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ജി.സുധാകരന്‍

ആലപ്പുഴ: പാര്‍ട്ടി അംഗത്വം പുതുക്കാനില്ലെന്ന് വ്യക്തമാക്കിയ സിപിഐഎം മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ പാര്‍ട്ടി വിടുന്നു. ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തല്‍. 63 വര്‍ഷക്കാലത്തെ പാര്‍ട്ടി അംഗത്വചരിത്രമുള്ള തന്നെ സിപിഐഎം സംസ്ഥാന സെക്രട്ടറി അപമാനിച്ചെന്നും എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ക്ക് ബുദ്ധിമുട്ടായി പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി.

പൊതു പരിപാടികളൊന്നും പങ്കെടുക്കുന്നില്ലെന്നും അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം തന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളില്‍ വെച്ച് നടത്തിയപ്പോള്‍ അറസ്റ്റും ജയില്‍വാസവും ലോക്കപ്പ് മര്‍ദ്ദനവും ബി ഐ ആര്‍ കേസ് ഉള്‍പ്പെടെ അനുഭവിച്ച് ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരേ ഒരാള്‍ ആയ തനിക്ക് ഒരു ക്ഷണക്കത്ത് പോലും നല്‍കിയില്ലെന്നും പോസ്റ്റില്‍ പറഞ്ഞു. തന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എല്‍ സി മെമ്പര്‍ പോസ്റ്റിട്ടു അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്.

സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി ഞാന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്ന ആളല്ല എന്ന അര്‍ത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ലെന്നും പറയുന്നു.

നേരേത്ത പാര്‍ട്ടിയംഗത്വം പുതുക്കാനില്ലെന്ന നിലപാട് ജി.സുധാകരന്‍ എടുത്തിരുന്നു. സുധാകരന്‍ ഒഴികെയുള്ള 18 അംഗങ്ങളില്‍ 17 പേരും ജില്ലാകമ്മറ്റിക്ക് അംഗത്വ ഫോം പൂരിപ്പിച്ച് നല്‍കിയിരുന്നു. പിന്നാലെ ആവശ്യവുമായി ബ്രാഞ്ച് സെക്രട്ടറി വീട്ടില്‍ വന്നെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് ആയിരിക്കാന്‍ അംഗത്വം ആവശ്യമില്ല എന്നായിരുന്നു മറുപടി. ജില്ലാ കമ്മിറ്റിക്ക് നേരിട്ട് ചുമതലയുള്ള ബ്രാഞ്ചാണ് സുധാകരന്‍ അംഗമായിരുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് :

2026 മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി അംഗത്വം പുതുക്കാന്‍ ഞാന്‍ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്‌ക്കേണ്ടി വന്നില്ല. 2022ല്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വര്‍ഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചില്‍ വന്നു പ്രവര്‍ത്തിച്ചപ്പോള്‍ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല.

63 വര്‍ഷക്കാലത്തെ പാര്‍ട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നല്‍കിയിട്ടില്ല. എന്തിനേറെ പറയുന്നു അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം എന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളില്‍ വെച്ച് നടത്തിയപ്പോള്‍ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ചു പ്രകടനം നടത്തി അറസ്റ്റും ജയില്‍വാസവും ലോക്കപ്പ് മര്‍ദ്ദനവും ബി ഐ ആര്‍ കേസ് ഉള്‍പ്പെടെ അനുഭവിച്ച് ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരേ ഒരാള്‍ ആയ എനിക്ക് ഒരു ക്ഷണക്കത്ത് പോലും നല്‍കിയില്ല.

എന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എല്‍ സി മെമ്പര്‍ പോസ്റ്റിട്ടു അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്. ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഇവിടെ ഞാന്‍ പാര്‍ട്ടിയില്‍ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാര്‍ട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാന്‍ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ശരിയല്ലാത്ത തരത്തില്‍ ജില്ലാ നേതൃത്വത്തില്‍ പെട്ടയാള്‍ സംസാരിച്ചതായി അറിഞ്ഞത് . ഇപ്പോള്‍ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി ഞാന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്ന ആളല്ല എന്ന അര്‍ത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. കൂടുതല്‍ സംഭവങ്ങള്‍ വിവരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടര്‍ന്ന് മേല്‍പ്പറഞ്ഞ നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഈ മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി കാലത്ത് സ്വമനസ്സാലെ മെമ്പര്‍ഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. ആശയാദര്‍ശങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്യും. എല്ലാവര്‍ക്കും ആശംസകള്‍. നന്ദി..

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video