breaking-news Kerala

മൊബൈൽ ഉപയോഗ നിയന്ത്രണം: ഗവർണർക്ക് നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കത്ത് നൽകി

കൊച്ചി: അമിതമായ മൊബൈൽ ഫോൺ ഉപയോഗം മൂലം വിദ്യാർത്ഥികളിൽ മാനസിക, സാമൂഹിക, പെരുമാറ്റ പ്രശ്‌നങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയമപരമായ നിയന്ത്രണങ്ങൾക്ക് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസ് ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കത്ത് നൽകി.

16 വയസിനു താഴെയുള്ള വിദ്യാർത്ഥികളിൽ സമ്പൂർണ നിരോധനത്തിന് പകരം പ്രായാധിഷ്ഠിതവും ഘട്ടംഘട്ടമായും നടപ്പാക്കാവുന്ന നിയന്ത്രണ സംവിധാനം തയ്യാറാക്കാൻ നിർദ്ദേശിക്കണമെന്ന് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ, സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത് എന്നിവർ കത്തിൽ പറയുന്നു.

പ്രായാനുസൃത മാർഗനിർദേശങ്ങൾ, വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സാക്ഷരത, മാതാപിതാക്കളും സ്‌കൂളുകളും ചേർന്ന മേൽനോട്ട സംവിധാനം എന്നിവ ശക്തിപ്പെടുത്തണം. നയരൂപകരും സാങ്കേതിക പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടുന്ന  ഉത്തരവാദിത്വ മാതൃകയിലൂടെ  സുരക്ഷിതമായ ഡിജിറ്റൽ പരിസരം ഉറപ്പാക്കണം. സമ്പൂർണ നിരോധനം മാനസിക പ്രത്യാഘാതങ്ങൾക്ക് കാരണമാകാൻ സാദ്ധ്യതയുള്ളതിനാൽ ശാസ്ത്രീയവും വളർച്ചാനുസൃതവുമായ നയമാണ് സ്വീകരിക്കേണ്ടത്.

കുട്ടികളിലെ അതിരുവിട്ട ഡിജിറ്റൽ ഉപയോഗം, ഓൺലൈൻ ലഹരി പ്രവണത, ഹാനികരമായ സമ്പർക്കം, മാനസികാരോഗ്യ വെല്ലുവിളികൾ, പെരുമാറ്റ വ്യതിയാനങ്ങൾ, സോഷ്യൽ മീഡിയ സമ്മർദ്ദം എന്നിവ സ്‌കൂൾ തലത്തിൽ പ്രതികൂല സ്വാധീനം ചെലുത്തുന്നുണ്ട്. ശ്രദ്ധക്കുറവ്, പഠനത്തിൽ ഏകാഗ്രതയില്ലായ്മ, അക്കാദമിക് പ്രകടനത്തിലെ ഇടിവ് എന്നിവ പ്രകടമാണ്. സഹപാഠികളുമായുള്ള ആരോഗ്യകരമായ സാമൂഹിക ഇടപെടലുകൾ കുറയുകയും, ഒറ്റപ്പെടൽ പ്രവണത വർദ്ധിക്കുകയും ചെയ്യാം. ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങൾ ക്ലാസ്‌റൂം പെരുമാറ്റത്തെയും അധ്യാപക വിദ്യാർത്ഥി ബന്ധത്തെയും പ്രതികൂലമായി ബാധിക്കാം. അച്ചടക്ക പ്രശ്‌നങ്ങൾ, ആവേശപരമായ പ്രതികരണങ്ങൾ, ഓൺലൈൻ ബുള്ളിയിംഗ് എന്നിവയും സ്‌കൂൾ അന്തരീക്ഷത്തെ ദോഷകരമായി സ്വാധീനിക്കുന്നുണ്ട്. 

അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും കത്തുകൾ അയച്ചതായി കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. 

കോവിഡ്  കാലഘട്ടത്തിൽ ഡിജിറ്റൽ പഠനം വ്യാപകമായപ്പോൾ ഹോംവർക്ക്, പഠനസാമഗ്രികൾ, അറിയിപ്പുകൾ എന്നിവയ്‌ക്ക് സ്‌കൂളുകൾ മൊബൈൽ അധിഷ്ടിത പ്ലാറ്റ്‌ഫോമുൾ ആശ്രയിച്ചു. ഇതോടെ മൊബൈൽ ഫോണുകൾ പഠനോപകരണമായി മാറിയെങ്കിലും അതിരുവിട്ട ഉപയോഗം മാതാപിതാക്കളിലും അധ്യാപകരിലും ആശങ്ക ഉയർത്തുന്ന വിഷയമായി മാറിയിട്ടുണ്ടെന്ന് സമകാലിക സംഭവങ്ങൾ ഉൾപ്പെടുത്തി കത്തിൽ വിവരിക്കുന്നുണ്ട്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video