വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഗുരുതര വീഴ്ചയുണ്ടായി, നടപടിയുണ്ടാകും: മന്ത്രി വീണാ ജോർജ്

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഗുരുതര വീഴ്ചയുണ്ടായി, നടപടിയുണ്ടാകും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ആലപ്പുഴയില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിഷയം അറിഞ്ഞപ്പോള്‍ തന്നെ പ്രാഥമിക റിപ്പോര്‍ട്ട് തേടിയതായി മന്ത്രി പറഞ്ഞു.

മറ്റ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കും. ഇവര്‍ വിഷയം പരിശോധിക്കും. ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു തരത്തിലുള്ള ന്യായീകരണവുമില്ല. വിഷയത്തില്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

ശസ്ത്രക്രിയ നടത്തി എന്ന് പറയപ്പെടുന്ന ഡോക്ടര്‍ അഞ്ച് വര്‍ഷം മുന്‍പ് വിരമിച്ചിരുന്നു. ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയോ എന്ന കാര്യം അറിയില്ല. വീട്ടമ്മ പറയുന്നതാണ് വിശ്വസിക്കുന്നത്. ബാക്കി അന്വേഷത്തിന്‍റെ കാര്യമായി വരട്ടെ. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പുറത്ത് പ്രാക്ടീസ് ചെയ്യാന്‍ പാടില്ലെന്നും മന്ത്രി വിശദീകരിച്ചു.

പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫ്(59) ആണ് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ ദുരിതം അനുഭവിക്കുന്നത്‌. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി 2021 മേയ് 10നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ നടക്കുന്നത്. അതിനുശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു.