breaking-news Kerala

നിരപാധികം മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂർ; “മാപ്പ് പറയാൻ ഒരു മടിയുമില്ല, കോടതിയെ ധിക്കരിച്ചിട്ടില്ല”

കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്നിറങ്ങാന്‍ വൈകിയ വിഷയത്തില്‍ കോടതിയോട് മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂര്‍. കോടതിയോട് എന്നും ബഹുമാനമാണെന്ന് പറഞ്ഞ ബോബി മാപ്പ് പറയാന്‍ യാതൊരു മടിയുമില്ലെന്നും വ്യക്തമാക്കി. ‘ഇതുവരെ കോടതിയെ ധിക്കരിച്ചിട്ടില്ല. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. തന്നെ സ്വീകരിക്കാന്‍ എത്തിയവരുമായി ബന്ധമില്ല. ഇന്നലെ ഇറങ്ങാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. എന്റെ വാക്കുകള്‍ വേദനിപ്പിച്ചുവെങ്കില്‍ മാപ്പ്. ഇനി വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കും’ ബോബി പറഞ്ഞു.

ലൈംഗികാധിക്ഷേപ കേസില്‍ ജയിലില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ചൊവ്വാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും പുറത്തിറങ്ങിയിരുന്നില്ല. വിടുതല്‍ ബോണ്ടില്‍ ഒപ്പുവെക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് ജയിലില്‍ നിന്നിറങ്ങാതിരുന്നത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത ഒട്ടേറെ തടവുകാര്‍ ജയിലിലുണ്ട്. അവര്‍ക്കുള്ള ഐക്യദാര്‍ഢ്യം കൂടിയാണിതെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ നിലപാട്.

ഇത്, കോടതിയെ പ്രകോപിപ്പിച്ചു. ഇന്ന് രാവിലെ ബോബി ചെമ്മണ്ണൂരിലെ ജയിലില്‍ നിന്നിറക്കാനെത്തിയ അഭിഭാഷകനെ കോടതി വിളിപ്പിച്ചു. നാടകം കളിക്കരുതെന്നും ജാമ്യം റദ്ദാക്കുമെന്നും ഹൈകോടതി പറഞ്ഞു. ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകനെ വിളിപ്പിച്ചാണ് കോടതി മുന്നറിയിപ്പ് നല്‍കിയത്. ആരും നിയമത്തിന് അതീതരല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം, ഉത്തരവ് ജയിലിലെത്തിക്കാന്‍ വൈകിയതാണ് തടസമായതെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിഷയം കോടതി ഇപ്പോള്‍ പരിഗണിച്ചു കൊണ്ടിരിക്കുകയാണ്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video