സ്വകാര്യ ബസുകൾ എല്ലാ റൂട്ടിലും ഓടിക്കാൻ അനുമതി

സ്വകാര്യ ബസുകൾ എല്ലാ റൂട്ടിലും ഓടിക്കാൻ അനുമതി

വൻകിട കമ്പനികൾക്ക് പെർമിറ്റില്ലാതെ ഏതു റൂട്ടിലും ബസ്സോടിക്കാൻ അനുമതി നൽകി കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഓൺലൈൻ ടാക്‌സി സർവീസ് മാർഗ നിർദേശങ്ങൾ ഇറക്കിയതിനൊപ്പമാണിത്. കേന്ദ്രനിയമത്തിന് അനുസൃതമായി സംസ്ഥാന സർക്കാരിനും ഉത്തരവിറക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
ഓൺലൈനിൽ വാടക ഈടാക്കി ഏതുതരം വാഹനങ്ങളും ഓടിക്കാം. ഇതോടെ ഓൺലൈൻ ടിക്കറ്റ് നൽകി ഏത് റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം അഗ്രഗേറ്റർ ലൈസൻസ് സമ്പാദിക്കുന്നവർക്ക് കിട്ടും. ഓൺലൈൻ ടാക്‌സി സർവീസിനെ നിയന്ത്രിക്കാൻ ഇറക്കിയ ഭേദഗതി കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ കുത്തക തകർക്കുന്നതാണ്. കേന്ദ്രമോട്ടോർവാഹന നിയമഭേദഗതി പ്രകാരം ഓൺലൈൻ ടാക്‌സികളെ നിയന്ത്രിക്കാൻ നിയമനിർമ്മാണത്തിന് നിർദേശിച്ചിരുന്നു. ഇതുപ്രകാരമാണ് കേന്ദ്ര നടപടി.
അന്തർസംസ്ഥാന പാതകളിലെ സ്വകാര്യബസുകൾ നിയമവിധേയമാക്കുന്നതാണ് ഓൺലൈൻ അഗ്രഗേറ്റർ പോളിസി. നിലവിലെ അന്തർസംസ്ഥാന ആഡംബര ബസ് ഓപ്പറേറ്റർമാർക്ക് അഗ്രഗേറ്റർ ലൈസൻസ് എടുത്താൽ ഏത് റൂട്ടിലും ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോകാൻ കഴിയും. ഇവർ ഉപയോഗിക്കുന്ന ഓൺലൈൻ ബുക്കിങ്‌ സംവിധാനങ്ങളും മൊബൈൽ ആപ്പും നിയമവിധേയമാക്കി. ഡ്രൈവർമാർക്കും ജീവനക്കാർക്കും യോഗ്യതയും നിഷ്‌കർഷിച്ചു. ഇവർക്ക് പരിശീലന ക്ലാസുകളും ആരോഗ്യ പരിശോധനയും ഇൻഷുറൻസും നിർബന്ധമാണ്. യാത്രക്കാർക്ക് ഡ്രൈവർമാരുടെ സേവനങ്ങൾ വിലയിരുത്തി മാർക്കിടാം.
അഞ്ച് വർഷത്തേക്ക്‌ അഞ്ച് ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. 100 ബസുകളും 1000 മറ്റു വാഹനങ്ങളും ഉള്ള കമ്പനികൾ ഒരു ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി അടയ്ക്കണം. സഹകരണ നിയമപ്രകാരം രജിസ്ട്രർചെയ്ത സ്ഥാപനങ്ങൾക്കും ലൈസൻസിന് അപേക്ഷിക്കാം.
സംസ്ഥാന സർക്കാരുകളോ അവർ ചുമതലപ്പെടുത്തുന്ന ഏജൻസികളോ ആണ് ലൈസൻസ് നൽകേണ്ടത്. സംസ്ഥാന സർക്കാർ അനുവദിച്ചാൽ യാത്രക്കാരെ കൊണ്ടുപോകാൻ സ്വകാര്യ വാഹനങ്ങളും ഉപയോഗിക്കാം.
ഓൺലൈൻ പോളിസി നടപ്പാകുന്നതോടെ നിലവിലെ പെർമിറ്റ് വ്യവസ്ഥ അപ്രസക്തമാകും. കോൺട്രാക്റ്റ് ക്യാരേജ് പെർമിറ്റുള്ള ബസുകൾ പ്രത്യേകം ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോകുന്നത് റൂട്ട് ബസ് പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനമാണ്. ഇതുപയോഗിച്ചാണ് അനധികൃത ബസുകൾ മോട്ടോർവാഹനവകുപ്പ് തടഞ്ഞിരുന്നത്. എന്നാൽ, ഓൺലൈനിൽ ടിക്കറ്റ് വിൽക്കാനും യാത്രക്കാരെ കൊണ്ടുപോകാനും അനുമതി ലഭിച്ചതോടെ ഇവ തടയാൻ കഴിയാതെവരും. അതേസമയം കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്നും നിയമവിദഗ്ധരുമായി കൂടിയാലോചിച്ചശേഷം നടപടിയെടുക്കുമെന്നും ഗതാഗതവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.