വിവാദങ്ങള്‍ക്കിടയിലും അദാനിക്ക് ആശ്വാസമായി ഓഹരിവിലയില്‍ മികച്ച നേട്ടം

വിവാദങ്ങള്‍ക്കിടയിലും അദാനിക്ക് ആശ്വാസമായി ഓഹരിവിലയില്‍ മികച്ച നേട്ടം

സെന്‍സെക്‌സും നിഫ്റ്റിയും എക്കാലത്തെയും മികച്ച നേട്ടം കൈവരിച്ചപ്പോള്‍ അദാനി ഗ്രൂപ്പ് മികച്ച നേട്ടമുണ്ടാക്കി. ഇന്നലത്തെ വ്യാപാരത്തില്‍ മാത്രം അദാനി എന്റര്‍പ്രൈസസിന്റെയും അദാനി പോര്‍ട്‌സിന്റെയും  ഓഹരികള്‍ എന്‍ എസ് ഇയില്‍ 5 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. യഥാക്രമം 128.55 ഉം 36.85 ഉം രൂപ വീതം. യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ  ജിക്യുജി പാര്‍ട്‌ണേഴ്‌സും മറ്റ് ചില പ്രമുഖ ഫണ്ടുകളും രംഗത്തെത്തിയാണ് അതിന്റെ കാരണം.

‘ജിക്യുജി പാര്‍ട്‌ണേഴ്‌സും മറ്റ് നിക്ഷേപകരും അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിലും അദാനി ഗ്രീന്‍ എനര്‍ജിയിലുമായി 900 മില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വാങ്ങി’ എന്ന് അദാനിയുടെ സ്വന്തം എന്‍ ഡി ടി വി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.

ഗൗതം അദാനി ഗ്രൂപ്പിലെ  മുന്‍നിര സ്ഥാപനമായ അദാനി എന്റര്‍പ്രൈസസിന്റെ 1.8 കോടി ഓഹരികളാണ് ഒരോഹരിക്ക് 2,300 രൂപ നിരക്കില്‍ ഇന്നലെ ഒറ്റ ബ്ലോക്കില്‍ വ്യാപാരം നടന്നത്; കൂടാതെ 24 വന്‍കിട ട്രേഡുകളിലായി അദാനി ഗ്രീന്‍ എനര്‍ജിയുടെ 11.4 ലക്ഷം ഓഹരികളും, ഒരോഹരിക്ക് 920.05 രൂപ നിരക്കില്‍, കൈമാറ്റം ചെയ്യപ്പെട്ടു. ഇതില്‍  ജിക്യുജി പാര്‍ട്‌ണേഴ്‌സ് മുടക്കിയതാകട്ടെ ഏകദേശം 1000 കോടിയും.

വിവാദങ്ങളില്‍ പെട്ടുഴലുന്ന അദാനിക്ക് ഇത് വലിയൊരാശ്വാസമാണെന്നതില്‍ തര്‍ക്കമില്ല.