മാരുതിയുടെ വാഹനങ്ങള്‍ക്ക് വില കൂടുന്നു. 2021 ജനുവരി ഒന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, മാരുതിയുടെ എല്ലാ മോഡലുകള്‍ക്കും വില ഉയരുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. തിരഞ്ഞെടുത്ത മോഡലുകള്‍ക്കായിരിക്കും പുതിയ വിലയെന്നും സൂചനയുണ്ട്.
വാഹന നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതിനെ തുടര്‍ന്നാണ് വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്നാണ് മാരുതി നല്‍കുന്ന വിശദീകരണം. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുതുവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി വാഹന നിര്‍മാതാക്കള്‍ വില വര്‍ധിപ്പിക്കുന്നത് പതിവാണ്.
മാരുതിക്ക് പുറമെ, ഇന്ത്യയിലെ മറ്റ് മുന്‍നിര വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി, ഫോര്‍ഡ് തുടങ്ങിയ കമ്പനികള്‍ മുമ്പുതന്നെ വില വര്‍ധനവ് വരുത്തിയിട്ടുണ്ട്. അതുപോലെ പ്രീമിയം വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു, ഔഡി തുടങ്ങിവയും വില വര്‍ധനവ് വരുത്തിയിട്ടുണ്ട്.
മഹീന്ദ്രയുടെ എസ്.യു.വി മോഡലായ ഥാറിന് ഡിസംബര്‍ ഒന്ന് മുതല്‍ വില ഉയര്‍ത്തിയിരുന്നു. മാരുതിയുടെ സ്വിഫ്റ്റ്, ബലേനൊ, വാഗണ്‍ആര്‍, ആള്‍ട്ടോ, ഡിസയര്‍, ഈക്കോ തുടങ്ങിയ മോഡലുകള്‍ മികച്ച പ്രകടനമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കാഴ്ച വയ്ക്കുന്നത്.
ഇന്ത്യയില്‍ കൂടുതല്‍ വിറ്റഴിക്കുന്ന ആദ്യ പത്ത് വാഹനങ്ങളില്‍ ഏഴ് എണ്ണവും മാരുതിയില്‍ നിന്നുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതിയുടെ വാഹന ഉത്പാദനത്തിലും ഉയര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് സൂചനകൾ.