ലണ്ടൻ- അടുത്ത പത്ത് വർഷത്തിനുള്ളിൽ കോവിഡ് 19ന് സമാനമായ മറ്റൊരു മഹാമാരി ലോകത്തെ പിടികൂടുമെന്ന് ആരോഗ്യ ശാസ്ത്രജ്‌ഞരുടെ മുന്നറിയിപ്പ്. ലണ്ടൻ ആസ്ഥാനമായുള്ള ഹെൽത്ത് ഇന്റലിജൻസ് സ്ഥാപനത്തിന്റെ പഠന റിപ്പോർട്ടാണ് പുറത്തുവന്നത്.
വരുന്ന പത്ത് വർഷത്തിനുള്ളിൽ മറ്റൊരു മാരക വൈറസ് ലോകത്തെ വിറപ്പിക്കാനുള്ള സാദ്ധ്യത 27.5 ശതമാനമാണ്. കാലാവസ്ഥാ വ്യതിയാനം, അന്താരാഷ്ട്ര യാത്രകളിലെ വർദ്ധന, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളുടെ ഭീഷണി ഉയരുന്നത് തുടങ്ങിയ ഘടകങ്ങളാണ് മറ്റൊരു മഹാമാരിയ്ക്കുള്ള സാദ്ധ്യത കൂട്ടുന്നത്.
വാക്‌സിൻ ഗവേഷണങ്ങളും മഹാമാരികളെ നേരിടാനുള്ള തയാറെടുപ്പുകളും മരണ സംഖ്യ കുറയ്ക്കുന്നതിൽ നിർണായകമാകുമെന്നും പഠന റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.
മഹാമാരികളുടെ സാദ്ധ്യതകൾ പരിഗണിക്കുമ്പോൾ പക്ഷിപ്പനിയെ ആണ് ഏറ്റവും ഭീതിയോടെ നോക്കിക്കാണുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാദ്ധ്യതയുള്ള ജനിതക വ്യതിയാനം വന്ന പക്ഷിപ്പനി വകഭേദത്തിന് യു.കെയിൽ മാത്രം പ്രതിദിനം 15,000ത്തോളം മനുഷ്യരെ കൊല്ലാൻ ശേഷിയുണ്ടാകാമെന്നും ചൂണ്ടിക്കാട്ടുന്നു. അതുപോലെ സിക, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്), മാർബർഗ് തുടങ്ങിയ അപകടകാരികളായ രോഗങ്ങൾക്ക് വാക്‌സിനുകൾ ലഭ്യമല്ലാത്തതും ആശങ്ക സൃഷ്ടിക്കുന്നു.
പക്ഷിപ്പനിയുടെ എച്ച് 5 എൻ 1 വകഭേദത്തിനുണ്ടായേക്കാവുന്ന ദ്രുതഗതിയിലെ വ്യാപന ശേഷിയിലേക്കും പഠനം വിരൽ ചൂണ്ടുന്നുണ്ട്. എച്ച് 5 എൻ 1 വളരെ ചുരുക്കം മനുഷ്യരെ മാത്രമാണ് ബാധിച്ചിട്ടുള്ളത്.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇത് പകരുന്നതായും കണ്ടെത്തിയിട്ടില്ല. എന്നാൽ പക്ഷികളിലും മറ്റ് സസ്തനികളിലും എച്ച് 5 എൻ 1 വകഭേദം വ്യാപകമാകുന്നത് മനുഷ്യർക്ക് പ്രതികൂലമായേക്കാവുന്ന തരത്തിൽ വൈറസിന്റെ ജനിതക വ്യതിയാനത്തിലേക്ക് നയിക്കുമോ എന്നാണ് ആശങ്ക. വൈറസുകൾ പതിവായി ഉത്ഭവിക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.