ആഗോള ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല ഇന്ത്യയിലേക്കെത്തുന്നു. ഇതുവരെ നിലനിന്ന ആശങ്കകള്‍ പരിഹരിച്ച് കമ്പനി ബംഗളൂരുവില്‍ രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഓഫീസും തുറന്നു. താമസിയാതെ കാറുകളും ഇന്ത്യയിലേക്ക് എത്തിത്തുടങ്ങും.
ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഒന്നര കോടി രൂപയുടെ മൂലധനത്തോടെയാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കമ്പനിയെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പ് സ്വാഗതം ചെയ്തു. ഇന്ത്യയുടെ ഇ-മൊബിലിറ്റിയിലേക്കുള്ള യാത്ര കര്‍ണാടക നയിക്കുമെന്നാണ് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി പറഞ്ഞത്. ആദ്യപടിയായി വാഹനങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാകും ടെസ് ല ശ്രമിക്കുക. ഭാവിയില്‍ ഇവിടെ ഉത്പാദനം നടത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ജനുവരി എട്ടിനാണ് ടെസ്ല രജിസ്റ്റര്‍ ചെയ്തത്. വൈഭവ് തനേജ, വെങ്കട്ടരംഗം ശ്രീറാം, ഡേവിഡ് ജോണ്‍ എന്നിവരാണ് കമ്പനിയുടെ ഇന്ത്യയിലെ ഡയറക്ടര്‍മാര്‍. കഴിഞ്ഞ വര്‍ഷം മുതല്‍ കമ്പനി ഇന്ത്യയിലേക്കെത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. താമസിക്കാതെ ഇന്ത്യന്‍ വിപണിയില്‍ കാറുകള്‍ പ്രതീക്ഷിക്കാമെന്ന് സി.ഇ.ഒ ഇലോണ്‍ മസ്‌കും വ്യക്തമാക്കിയിരുന്നു.
കമ്പനി എത്തുന്നതോടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാകുമെന്നാണ് ഇലോണ്‍ മസ്‌ക് പ്രവചിക്കുന്നത്. അസംസ്‌കൃത എണ്ണ ഇറക്കുമതിക്ക് ഇത് വലിയ പ്രോത്സാഹനമാകുമെന്നാണ് വിലയിരുത്തല്‍. എട്ട് ലക്ഷം കോടിയുടെ ലാഭമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് കാറുകള്‍ക്കായി എല്ലാ ഇന്ധന പമ്പുകളിലും ഇലക്ട്രിക് ചാര്‍ജിങ് സംവിധാനം സ്ഥാപിക്കാനും സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.
നിലവില്‍ ടെസ് ല മോഡല്‍ ത്രിമാത്രമേ രാജ്യത്തേക്ക് എത്തുകയുള്ളൂ.ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഭീമമായ ഇറക്കുമതി തീരുവ കാരണമാണ് ഇതുവരെ കമ്പനി എത്താന്‍ മടിച്ച് നിന്നത്. ഇറക്കുമതിയില്‍ ഇളവ് പ്രതീക്ഷിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതോടെയാണ് ഇന്ത്യന്‍ മണ്ണിലേക്ക് ഇറങ്ങുന്നത്. ടെസ് ല മോഡല്‍ ത്രിക്ക് ഏതാണ്ട് 55 ലക്ഷം രൂപയോളം വിലയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.