കേരളത്തിന്റെ രണ്ടാം വന്ദേഭാരത്; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കേരളത്തിന്റെ രണ്ടാം വന്ദേഭാരത്; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലേത് അടക്കം ഒമ്പതു വന്ദേഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ ആയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കേന്ദ്ര റെയില്‍വെമന്ത്രി അശ്വിനി വൈഷ്ണവ് സംബന്ധിച്ചു. രാജ്യത്ത് എല്ലായിടത്തേക്കും വന്ദേഭാരത് ട്രെയിനുകള്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്ത് ടൂറിസം വളര്‍ച്ചയ്ക്ക് വന്ദേഭാരത് വഴിയൊരുക്കുന്നു. യാത്രാ കണക്ടിവിറ്റിയുടെ കാര്യത്തില്‍ മികച്ച മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.

കാസറഗോഡ്-തിരുവനന്തപുരം, ഉദയ്പൂര്‍-ജയ്പുര്‍, തിരുനെല്‍വേലി-മധുര-ചെന്നൈ, ഹൈദരാബാദ്-ബംഗളൂരു, വിജയവാഡ-ചെന്നൈ, പട്‌ന-ഹൗറ, റൂര്‍ക്കേല-ഭുവനേശ്വര്‍-പുരി, റാഞ്ചി-ഹൗറ, ജാംനഗര്‍-അഹ്മദാബാദ് എന്നീ ട്രെയിനുകളാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കാസറഗോട്ടു നിന്നും ക്ഷണിക്കപ്പെട്ട അതിഥികളുമായാണ് പുതിയ വന്ദേഭാരതിന്റെ ആദ്യയാത്ര. എട്ടു കോച്ചുകളാണ് ട്രെയിനുള്ളത്. ആദ്യ വന്ദേഭാരത് വെള്ള നിറത്തിലുള്ളതാണെങ്കില്‍, രണ്ടാം വന്ദേഭാരത് കാവി നിറത്തിലുള്ളതാണ്. അകത്ത് സീറ്റുകളുടെ നിറത്തിലും വ്യത്യാസമുണ്ട്.

നീല നിറമാണ് പുതിയ വന്ദേഭാരത് ട്രെയിനിന്റെ സീറ്റുകളുടേത്. തിരുവനന്തപുരം- കാസറഗോഡ് റൂട്ടില്‍ ആലപ്പുഴ വഴിയാണ് രണ്ടാം വന്ദേഭാരത് സര്‍വീസ് നടത്തുക. രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ റിസര്‍വേഷന്‍ തുടങ്ങി. തിരുവനന്തപുരം -കാസറഗോഡ് 26 മുതലും തിരിച്ച്‌ 27 മുതലുമാണ് സര്‍വീസ്. നേരത്തെ നിശ്ചയിച്ചതിനു പുറമേ, തിരൂരിലും രണ്ടാം വന്ദേഭാരതിന് പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.