ഒസൈറിസ് റെക്സ് ദൗത്യം വിജയം കണ്ടു

ഒസൈറിസ് റെക്സ് ദൗത്യം വിജയം കണ്ടു

നാസയുടെ ഒസൈറിസ് റെക്‌സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ബെന്നു എന്ന ഛിന്നഗ്രഹത്തില്‍നിന്ന് ശേഖരിച്ച സാമ്പിളുകളുമായി പേടകം ഭൂമിയില്‍ ഇറങ്ങി. ഞായറാഴ്ച രാത്രി 8.12നാണ് സാമ്പിള്‍ റിട്ടേണ്‍ കാപ്‌സ്യൂള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്.

അതിവേഗം ഭൂമിയിലേക്ക് വീണുകൊണ്ടിരുന്ന പേടകത്തിന്റെ വേഗം ഡ്രോഗ് പാരച്യൂട്ട് വിന്യസിച്ച് നിയന്ത്രിച്ചു. 8.18ന് വലിയ പ്രധാന പാരച്യൂട്ട് ഉയരുകയും 8.23ന് കാപ്‌സ്യൂള്‍ സുരക്ഷിതമായി യൂട്ടാ മരുഭൂമിയില്‍ വന്നിറങ്ങുകയും ചെയ്തു. ബെന്നുവില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് ശേഖരിച്ച പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകളാണ് കാപ്സ്യൂളിലുള്ളത്.

2016 സെപ്റ്റംബര്‍ എട്ടിനാണ് ഒസൈറിസ് റെക്സ് ബഹിരാകാശ പേടകം വിക്ഷേപിച്ചത്. അറ്റ്‌ലസ് വി റോക്കറ്റിലായിരുന്നു വിക്ഷേപണം. 2018ലാണ് ഒസൈറിസ് റെക്സ് ബെന്നുവിനെ ചുറ്റുന്ന ഭ്രമണ പഥത്തിലെത്തിയത്. ഏഴ് വര്‍ഷങ്ങള്‍ നീണ്ട ദൗത്യത്തിന്റെ അതി സങ്കീര്‍ണമായ ലാന്‍ഡിങ് പ്രക്രിയയിലൂടെയാണ് കാപ്സ്യൂള്‍ ഭൂമിയില്‍ സുരക്ഷിതമായി വന്നിറങ്ങിയത്.