ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ആശ്വാസം; 1,000 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മ്മക്കാനൊരുങ്ങി ബിപിസിഎല്‍

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ആശ്വാസം; 1,000 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മ്മക്കാനൊരുങ്ങി ബിപിസിഎല്‍

ചുരുങ്ങിയ സമയ പരിധിക്കുള്ളില്‍ തന്നെ ആയിരം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളൊരുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിപിസിഎല്‍ പദ്ധതിയിടുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വിലവര്‍ധനവില്‍ ഇന്ത്യയിലെ ജനസമൂഹം വീര്‍പ്പുമുട്ടുമ്പോഴും പുതിയ മാറ്റത്തിന് വഴിവെക്കുകയാണ് ഇലക്ട്രിക് വാഹനങ്ങള്‍. നിരത്തുകളില്‍ അധികവും ഇലക്ട്രിക്ക് വാഹനങ്ങള്‍ വന്നു തുടങ്ങിയിരിക്കുന്നു. ഇതിനോടനുബന്ധിച്ച് പുതിയ പദ്ധതിയുമായി ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എത്തിയിരിക്കുകയാണ്. ചുരുങ്ങിയ സമയ പരിധിക്കുള്ളില്‍ തന്നെ ആയിരം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളൊരുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിപിസിഎല്‍ പദ്ധതിയിടുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെയര്‍മാന്‍ അരുണ്‍ കുമാര്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,000 മെഗാവാട്ടിന്റെ റിന്യൂവബ്ള്‍ പവര്‍ പോര്‍ട്ട്‌ഫോളിയോയ്ക്കായി 5,000 കോടി ചെലവഴിക്കാനും പദ്ധതി തയ്യാറാവുന്നുണ്ട്. നിലവില്‍ 45 മെഗാവാട്ട് റിന്യൂവബ്ള്‍ എനര്‍ജി ശേഷിയാണ് ബിപിസിഎല്ലിന് കീഴിലുള്ളത്. ബയോഫ്യുവലില്‍ 7,000 കോടി രൂപ നിക്ഷേപിക്കാനും കമ്പനി ഒരുങ്ങുന്നുണ്ട്. നിലവില്‍ 44 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ബിപിസിഎല്ലിന് കീഴിലുള്ളത്. കൂടാതെ, തങ്ങളുടെ മൂന്നിലൊന്ന് ഔട്ട്ലെറ്റുകളിലും ഇലക്ട്രിക്, ഹൈഡ്രജന്‍, സിഎന്‍ജി തുടങ്ങിയവ ലഭ്യമാക്കി ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം ഇന്ധന ഓപ്ഷനുകള്‍ ലഭ്യമാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.