ഇന്ധന വില വീണ്ടും കൂട്ടി; ഈ വര്‍ഷം നാലാം തവണ

ഇന്ധന വില വീണ്ടും കൂട്ടി; ഈ വര്‍ഷം നാലാം തവണ

രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില കൂടി. പെട്രോളിന് 25 പൈസയാണ് കൂടിയത്. ഡീസലിനു 26 പൈസയും കൂടി. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് കമ്പനികൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ കൊല്ലം 13 തവണയാണ് ഇന്ധന വില വര്‍ധിച്ചതെങ്കില്‍ ഈ വര്‍ഷം ആദ്യ മാസം തന്നെ നാല് തവണയാണ് ഇന്ധന വിലകൂടിയത്.
സംസ്ഥാന നികുതി കൂടി കണക്കിലെടുക്കുമ്പോൾ കേരളത്തില്‍ പെട്രോളിനും ഡീസലിനും വില കൂടും. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 85.11 രൂപയാണ്. ഡീസല്‍ വില 79.24 രൂപയായി.
പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി ചുങ്കവും ക്രൂഡ് ഓയില്‍ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധനവില നിര്‍ണയിക്കുന്നത്. കഴിഞ്ഞയാഴ്ചയും രാജ്യത്ത് ഇന്ധനവില കൂട്ടിയിരുന്നു.
ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോള്‍ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. നവംബര്‍ 19 മുതലാണ് എണ്ണ വിപണന കമ്ബനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. അതിന് മുൻപ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച്‌ കയറിയപ്പോള്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്ബനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.
ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ എണ്ണ വില കുറയ്ക്കാന്‍ വഴിയൊരുക്കും.