ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി ലുലു ബെംഗ്ലൂരു

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി ലുലു ബെംഗ്ലൂരു

 ബെംഗ്ലൂരു : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബെംഗ്ലൂരു ലുലു മാളിൽ ഒരുക്കിയ ഡിജിറ്റൽ ഡിസ്പ്ലേ ത്രിവർണ പതാകയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്. ഏറ്റവും വലുപ്പത്തിലുള്ള ഡിജിറ്റൽ ഡിസ്പ്ലേ ത്രിവർണ പതാക എന്ന പട്ടികയിലാണ് ഇന്ത്യൻ‌ റെക്കോർഡ് ലുലുവിനെ തേടിയെത്തിയത്. ലുലുമാളിന്റെ മുൻവശത്തെ പ്രധാന ഭിത്തിയിലും പ്രവേശന കവാടത്തോട് ചേർന്ന നോർത്ത് കോർട്ടയാർഡിലുമായാണ് ഏറ്റവും വലുപ്പത്തിലുള്ള ത്രിവർണ പതാകയുടെ ഡിസ്പ്ലേ പ്രദർശിപ്പിച്ചത്. 
 

305 അടി ഉയരത്തിലും 70 അടി വീതിയിലുമാണ് ത്രിവർണ പതാക പ്രദർശിപ്പിച്ചത്. 200 ലധികം ലൈറ്റുകൾ കൊണ്ടാണ് ഈ ത്രിവർണ പതാക ഡിസ്പ്ലേ ഒരുക്കിയത്. 360 ഡിഗ്രിയിൽ‌ കറങ്ങുന്ന അശോക ചക്രം പ്രദർശനത്തിൽ ഏറെ ആകർഷകമായി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് വിധികർത്താക്കൾ ലുലു മാളിൽ നേരിട്ടെത്തി നടത്തിയ വിലയിരുത്തലിന് ശേഷമാണ് റെക്കോർഡ് പ്രഖ്യാപിച്ചത്. ആഗസ്റ്റ് 12 മുതൽ 15വരെയാണ് ഈ മനോഹരമായ ഡിജിറ്റൽ ത്രിവർണ പതാക മാളിൽ പ്രദർശിപ്പിച്ചത്. ഷോപ്പിങ്ങിനായി എത്തിയ ഉപഭോക്താക്കൾക്ക് വിസ്മയ കാഴ്ചയാണ് ഈ ഡിജിറ്റൽ ഡിസ്പ്ലേ സമ്മാനിച്ചത്. ലുലു ഇവന്റസ് ടീമാണ് ഈ ഡിജിറ്റൽ ഡിസ്പ്ലേ ത്രിവർണ പതാക ഒരുക്കിയത്. ലുലുവിന്റെ ഏറ്റവും മികച്ച ആസൂത്രണവും സാങ്കേതിക തികവുമാണ് ഈ ഡിജിറ്റൽ ത്രിവർണ പതാകയിലൂടെ വ്യക്തമാകുന്നതെന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ടീം അംഗം ആർ ഹരീഷ് അഭിപ്രായപ്പെട്ടു. ബെംഗ്ലൂരുവിലെ ലുലു മാളിൽ നടന്ന ചടങ്ങിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ടീം സർട്ടിഫിക്കറ്റും പുരസ്കാരവും ലുലു ഗ്രൂപ്പിന് സമ്മാനിച്ചു.