archive lk-special

വാക്ക് പാലിച്ച് യൂസഫലി; ഗാന്ധിജയന്തി ദിനത്തില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ ലുലു മാള്‍ കണ്ടു

തിരുവനന്തപുരം : കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും, അവരുടെ അമ്മമാര്‍ക്കും ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ദിനം സമ്മാനിച്ച് ലുലു മാള്‍. കഴിഞ്ഞ മാസം ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശിച്ച വേളയിലാണ്   അവിടെയുള്ള എല്ലാ കുട്ടികളെയും അമ്മമാരെയും ലുലു മാള്‍ കാണിയ്ക്കാന്‍ അവസരമൊരുക്കുമെന്ന് എം.എ യൂസഫലി ഉറപ്പ് നല്‍കിയത്. ഈ നിര്‍ദ്ദേശമാണ് ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ലുലു മാള്‍ അധികൃതര്‍ നടപ്പാക്കിയത്.

ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ സെന്ററിലെ നൂറോളും കുട്ടികളും അമ്മമാരുമാണ് രാവിലെ ലുലു മാളിലെത്തിയത്. ഓരോരുത്തരെയും മാള്‍ ജീവനക്കാര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇതിന് മുന്നോടിയായി തന്നെ മാളിലെ ഗ്രാന്‍ഡ് ഏട്രിയത്തില്‍ സെന്ററിലെ കുട്ടികള്‍ വരച്ച മനോഹരമായ ചിത്രങ്ങളുടെ പ്രദര്‍ശനം സജ്ജമാക്കിയിരുന്നു. കുട്ടികളുടെ അമ്മമാരുടെ കൂട്ടായ്മയായ കരിസ്മ ഒരുക്കിയ കരകൗശല വസ്തുക്കളുടെ വില്‍പനയും ഇതോടൊപ്പമുണ്ടായിരുന്നു.

ഏറെ ആകാംക്ഷയോടെയും സന്തോഷത്തോടെയുമാണ് കുട്ടികള്‍ എല്ലാവരും ലുലു മാള്‍ മുഴുവനും ചുറ്റിക്കണ്ടത്. ചിത്രപ്രദര്‍ശന വേദിയ്ക്കരികെ ഇരുന്ന് പലരും തത്സമയം ചിത്രങ്ങള്‍ വരച്ചത് കൗതുകമായി. ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരത്തോടെ ‘എ ഡിഫറന്റ് ഡേ’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഏട്രിയത്തില്‍ നടന്നു. കലാപ്രകടനങ്ങളും, മാജിക്ക് അവതരണവുമെല്ലാമായി കുട്ടികള്‍ വേദിയിലെത്തിയതോടെ കണ്ട് നിന്നവര്‍ ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ചു.

ചടങ്ങില്‍ ഗോപിനാഥ് മുതുകാടിനെ ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, റീജിയണല്‍ മാനേജര്‍ അനൂപ് വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.