തിരുവനന്തപുരം∙ നിയമസഭയില്‍ ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്നു പ്രസംഗത്തിനിടെ രമേശ് ചെന്നിത്തല ആവര്‍ത്തിച്ചതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ അതിക്രമങ്ങളെക്കുറിച്ചും ലഹരിവ്യാപനത്തെക്കുറിച്ചുമുള്ള ചര്‍ച്ചയ്ക്കിടെ പലവട്ടം മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഓരോ തവണയും മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ മറുപടി പറയണമെന്ന് പറയുന്നത് ശരിയായ രീതിയാണോ എന്നു മുഖ്യമന്ത്രി എഴുന്നേറ്റു ചോദിച്ചു. എന്തു സന്ദേശമാണ് ചെന്നിത്തല സമൂഹത്തിനു നല്‍കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇടയ്ക്കിടെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു പറഞ്ഞ് ഓരോ ചോദ്യം ചോദിച്ചാല്‍ പോര നാട് നേരിടുന്ന പ്രശ്‌നമെന്താണെന്ന് മനസിലാക്കണമെന്നും മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞു.
സംസ്ഥാനത്ത് അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും ലഹരിവ്യാപനം രൂക്ഷമാകുന്നതിനെക്കുറിച്ചും നിയമസഭയില്‍ മറ്റ് നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു സംഭവം. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ഒന്‍പതു വര്‍ഷം ഭരിച്ചിട്ടും ഒരുതരത്തിലുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടുവെന്നും സര്‍ക്കാരാണ് ഉത്തരവാദിയെന്നും ചെന്നിത്തല പറഞ്ഞു. കുട്ടികള്‍ ലഹരിക്ക് അടിമകളാകുകയാണ്. വെഞ്ഞാറമ്മൂട് കൂട്ടക്കൊലയും കോഴിക്കോട്ടെ ഷഹബാസിന്റെ കൊലപാതകവും ഞെട്ടിപ്പിക്കുന്നതാണ്. കേരളം ഒരു കൊളംബിയ ആയി മാറുകയാണോ. പണ്ട് പഞ്ചാബിനെക്കുറിച്ചാണ് ലഹരിയുടെ കേന്ദ്രമായി പറഞ്ഞിരുന്നത്. ഇപ്പോള്‍ കേരളത്തില്‍ യുവാക്കളുടെ ജീവിതത്തെ രാസലഹരി നശിപ്പിക്കുകയാണ്. യുവത്വം പുകഞ്ഞ് ഇല്ലാതാകുകയാണെന്നും വിമർശിച്ചു.
Leave feedback about this