കലാരംഗത്തെ വളർച്ചയ്ക്ക് പിന്തുണ; സി.കെ ഷാദിയ്ക്കും ,ആർ.കീർത്തിയ്ക്കും 2026-27 ലെ റായ് ഫെലോഷിപ്പ്

കലാരംഗത്തെ വളർച്ചയ്ക്ക് പിന്തുണ; സി.കെ ഷാദിയ്ക്കും ,ആർ.കീർത്തിയ്ക്കും 2026-27 ലെ റായ് ഫെലോഷിപ്പ്
  • ഷെഫീന യൂസഫലിയുടെ പ്രവർത്തനങ്ങൾക്ക് ആശംസ നേർന്ന് മേയർ

കൊച്ചി : റിസ്ഖ് ആർട്ട് ഇനിഷ്യേറ്റീവ് (RAi) നടപ്പാക്കുന്ന റായ് ഫെലോഷിപ്പ് 2026-27 വർഷത്തിലെ ജേതാക്കളെ പ്രഖ്യാപിച്ചു. കലാജീവിതത്തിലെ നിർണായക ഘട്ടങ്ങളിൽ നിൽക്കുന്ന കലാകാരന്മാർക്ക് പിന്തുണ നൽകി കലാപരമായ വളർച്ചയ്ക്കുള്ള അവസരങ്ങൾ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫെലോഷിപ്പ് നൽകുന്നത്.

സി.കെ ഷാദിയ,ആർ.കീർത്തി എന്നിവരാണ് ഇത്തവണത്തെ റായ് ഫെലോഷിപ്പ് ജേതാക്കൾ. ഫോർട്ട് കൊച്ചിയിലെ പെപ്പർ ഹൗസിൽ നടന്ന ചടങ്ങിൽ ജേതാകൾക്ക് മേയർ വി.കെ മിനിമോൾ ഫെലോഷിപ്പ് കൈമാറി. കൊച്ചി കോർപ്പറേഷൻ എന്നും കലാകാരന്മാർക്കും കലാരം​ഗത്തിനും ഒപ്പമാണെന്ന് പറഞ്ഞ മേയർ കൊച്ചിയുടെ പൈതൃകം കലാസമ്പന്മമാണെന്നും ഓർമിപ്പിച്ചു.കൊച്ചി കോർപ്പറേഷന്റെ ആർട്ട് ആൻഡ് ക്യുറേറ്ററായി ബോസ് കൃഷ്ണമാചാരിയെ നിയോ​ഗിച്ചതും കോർപ്പറേഷന്റെ കലാരം​ഗത്തോടുള്ള പ്രതിബന്ധതയാണെന്നും കൂട്ടിച്ചേർത്തു. റിസ്ഖ് ആർട്ട് ഇനിഷ്യേറ്റീവ് വഴി ഷെഫീന യൂസഫലി നടത്തുന്ന പ്രവർത്തനങ്ങൾക്ക് മേയർ ആശംസയും നേർന്നു.

കഴിഞ്ഞ വർഷത്തെ ഫെലോഷിപ്പ് ജേതാക്കളായ മിബിൻ ഭാസ്‌കർ, യാസിർ എന്നിവരുടെ കലാസൃഷ്ടികളും വേദിയിൽ പ്രദർശിപ്പിച്ചു. വരുന്ന പത്ത് ദിവസം ഈ സൃഷ്ടികൾ പ്രദർശനത്തിനുണ്ടാകും.

കേരള ലളിതകലാ അക്കാദമിയുടെ വാർഷിക കലാപ്രദർശനത്തിൽ പങ്കെടുത്ത കലാകാരന്മാരിൽ നിന്നാണ് ഫെലോഷിപ്പിനായുള്ള ചുരുക്കപ്പട്ടികയും ജേതാക്കളെയും തിരഞ്ഞെടുത്തത്. കലാപരമായ മികവ്, സാംസ്കാരിക പ്രതിബദ്ധത തുടങ്ങിയവ പരി​ഗണിച്ചാണ് ജേതാക്കളെ തിരഞ്ഞടുത്തത്.

റായ് ഫെലോഷിപ്പിലൂടെ ഓരോ വർഷവും കേരളത്തിൽ നിന്നുള്ള പ്രതിഭാശാലികളായ കലാകാരന്മാരെ പിന്തുണയ്ക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നുവെന്നും, സ്വന്തം കലാപ്രവർത്തനം കൂടുതൽ ആഴത്തിൽ വികസിപ്പിക്കാനും പുതിയ സാധ്യതകൾ തേടാനും ആവശ്യമായ പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും റിസ്ഖ് ആർട്ട് ഇനിഷ്യേറ്റീവ് സ്ഥാപകയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഷെഫീന യൂസഫലി പ്രതികരിച്ചു.

കേരളത്തിലെ കലാകാരൻമാർക്ക് ആ​ഗോള വേദി ഉറപ്പാക്കുകയാണെന്നും കേരളത്തിന്റെ കലാമികവ് ഉയർത്തിപിടിക്കുകയാണ് റിസ്ഖ് ആർട്ട് ഇനിഷ്യേറ്റീവെന്നും റിസ്ഖ് ആർട്ട് ഇനിഷ്യേറ്റീവ് ചീഫ് ക്യൂറേറ്ററും ക്രിയേറ്റീവ് ഡയറക്ടറുമായ മീന വാരി വ്യക്തമാക്കി.

അന്താരാഷ്ട്ര കലാകാരൻമാർ അടക്കം ഭാഗമാകുന്ന എക്സിബിഷനുകൾ, പാനൽചർച്ചകൾ ഉൾപ്പടെ ഒരുക്കി കേരളത്തിലെ കലാകാരൻമാർക്ക് ആ​ഗോള വേദിയാണ് ഷെഫീന യൂസഫലിയുടെ നേതൃത്വത്തിലുള്ള റിസ്ഖ് ആർട്ട് ഇനീഷേറ്റീവ് നൽകുന്നത്. ഇന്തോ അറബ് സാംസ്കാരിക വൈവിധ്യത്തിന്റെ സം​ഗമവേദി കൂടിയാണ് യുഎഇയിൽ അ‌ടക്കം സംഘടിപ്പിച്ച പല പ്രദർശനങ്ങളും. മലയാളം-അറബ് സംസ്കാരത്തിന്റെ ഇന്ത്യ – യു.എ.ഇ സൗഹൃദത്തിന്റെ ആഴമേറിയ ചരിത്ര ബന്ധങ്ങളിലേക്ക് എക്സിബിഷൻ വിരൽചൂണ്ടുന്ന പ്രദർശങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പശ്ചിമേഷ്യയിലെ കലാകാരൻമാരെ അബുദാബിയിലെ റിസ്ഖ് ആർട്ട് ഇനിഷ്യേറ്റീവ് ആസ്ഥാനത്ത് എത്തിച്ച് സൗജന്യമായി ലോകോത്തര നിലവാരത്തിലുള്ള പരിശീലനവും നൽകി വരുന്നു. കേരള ലളിത കലാ അക്കാദമിയുമായി സഹകരിച്ചാണ് പ്രവർത്തനം.

വ്യവസായ മേഖലയിലെ സംരംഭങ്ങൾക്ക് പുറമെയാണ് കലാപ്രവർത്തനത്തിൽ കൂടി ഷഫീന യൂസഫലി സജീവമായത്. യു.എ.ഇ ആസ്ഥാനമായി ബിസിനസ് രം​ഗത്ത് സജീവമായ ഷഫീന യൂസഫ് അലി, യുകെയിലെ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ നിന്ന് എം.ബി.എയും, കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും ആർട്ടിൽ മാസ്റ്റർ ഡി​ഗ്രിയും കരസ്ഥമാക്കിയ ശേഷം, കലയിൽ പി.എച്ച്.ഡിയും ചെയ്തു വരുകയാണ്. കലാകാരൻമാരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഷെഫീന യൂസഫലിയുടെ നേതൃത്വത്തിൽ റിസ്ഖ് ആർട്ട് ഇനീഷേറ്റീവിന് തുടക്കം കുറിച്ചത്. ഇന്ന് കേരളത്തിലെ നിരവധി കലാകാരൻമാർക്ക് വലിയ പിന്തുണയാണ് റിസ്ഖ് ആർട്ട് ഇനീഷേറ്റീവ് നൽകുന്നത്.