വിദ്യാർഥി പ്രതിഷേധം ശക്തം; കേന്ദ്രസർക്കാരിന് കടുത്ത സമ്മർദം

വിദ്യാർഥി പ്രതിഷേധം ശക്തം; കേന്ദ്രസർക്കാരിന് കടുത്ത സമ്മർദം

ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിലെ വിവിധ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് വിദ്യാർഥി പ്രതിഷേധം ശക്തമായി. നീറ്റ്–യുജി ചോദ്യക്കടലാസ് ചോർച്ചയും സിബിഎസ്ഇ പ്ലസ് ടു മൂല്യനിർണയത്തിലെ പരാതികളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം വ്യാപിക്കുകയാണ്.

ആദ്യഘട്ടത്തിൽ പ്രതിഷേധങ്ങളെ സർക്കാർ ഗൗരവമായി കാണാതിരുന്നതായാണ് വിമർശനം. സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച പിന്തുണയെ ചെറുതാക്കി കാണാനും പ്രതിഷേധത്തെ തെറ്റിദ്ധരിപ്പിക്കാനും ശ്രമങ്ങൾ നടന്നുവെന്ന ആരോപണവും ഉയർന്നു. എന്നാൽ വിദ്യാഭ്യാസപ്രവർത്തകൻ സോനം വാങ്ചുക് ജന്തർ മന്തറിൽ നിരാഹാര സമരം ആരംഭിച്ചതോടെ പ്രതിഷേധത്തിന് കൂടുതൽ ശ്രദ്ധ ലഭിച്ചു.

പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യദിനത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് സിജെപി നേതാവ് അഭിജീത് ദിപ്കെ പ്രഖ്യാപിച്ചതിന് പിന്നാലെ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി. ഡൽഹി പൊലീസ് കമ്മിഷണറെ മാറ്റുകയും തുടർന്ന് മഫ്തിയിലെത്തിയ പൊലീസ് സംഘം സോനം വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഈ നടപടിക്കെതിരെ പ്രതിഷേധം കൂടുതൽ ശക്തമായി.

ഇന്നലെ രാവിലെ മുതൽ പാർലമെന്റ് പരിസരത്തേക്കുള്ള പ്രധാന റോഡുകൾ അടയ്ക്കുകയും സമീപ മെട്രോ സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്താതിരിക്കുകയും ചെയ്താണ് പ്രതിഷേധക്കാരെ തടയാൻ പൊലീസ് ശ്രമിച്ചത്. എന്നിരുന്നാലും വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ പ്രതിഷേധവേദിയിലെത്തിയതോടെ സ്ഥിതി സംഘർഷഭരിതമായി. പ്രതിഷേധക്കാരുടെ നീക്കങ്ങൾ മുൻകൂട്ടി കണക്കുകൂട്ടുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ടുകൾ.