ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സുരക്ഷ കൂടുതൽ കർശനമാക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി സി.ആർ.പി.എഫിന്റെ 20 അധിക കമ്പനികളെ ഡൽഹിയിൽ വിന്യസിക്കാൻ തീരുമാനിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം പശ്ചിമ ബംഗാളിൽ നിന്ന് സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെ വിമാനമാർഗം ഡൽഹിയിലെത്തിക്കാനാണ് നടപടി. തലസ്ഥാനത്തെ നിയമ-സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനായാണ് അധിക സേനയെ വിന്യസിക്കുന്നത്.
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനായി വിന്യസിച്ചിരുന്ന സി.ആർ.പി.എഫ് കമ്പനികളെയാണ് ഡൽഹിയിലേക്ക് മാറ്റുന്നത്. തിരഞ്ഞെടുപ്പ് നടപടികൾ അവസാനിച്ചെങ്കിലും സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെ തുടർന്ന് ഇവർ ബംഗാളിൽ തുടരുകയായിരുന്നു. നിലവിലെ പ്രതിഷേധ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇവരെ ഡൽഹിയിലേക്ക് മാറ്റാൻ കേന്ദ്രം തീരുമാനിച്ചത്.