ഫോർബ്സ് മിഡിൽ ഈസ്റ്റ് പട്ടികയിൽ ഇടം നേടി മലയാളി മാർക്കറ്റിംഗ് പ്രൊഫഷണൽ വി. നന്ദകുമാർ

ഫോർബ്സ് മിഡിൽ ഈസ്റ്റ് പട്ടികയിൽ ഇടം നേടി മലയാളി മാർക്കറ്റിംഗ് പ്രൊഫഷണൽ വി. നന്ദകുമാർ

2020-ലും 2026-ലും ഫോർബ്സ് മിഡിൽ ഈസ്റ്റിന്റെ ഏറ്റവും മികച്ച മാർക്കറ്റിങ്ങ് വിദ​ഗ്ധരുടെ പട്ടികയിൽ ഇടംനേടിയ ഏക മലയാളി

ദുബായി:മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനശേഷിയുള്ള മാർക്കറ്റിംഗ് പ്രൊഫഷ്ണലുകളെ ഉൾപ്പെടുത്തി ഫോർബ്സ് മിഡിൽ ഈസ്റ്റ് പ്രസിദ്ധീകരിച്ച “Most Influential CMOs 2026” പട്ടികയിൽ ഇടം നേടി ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ.

അഞ്ച് വർഷത്തിലൊരിക്കൽ മാത്രം പ്രസിദ്ധീകരിക്കുന്ന ഈ പട്ടികയിൽ വിവിധ മേഖലകളിലെ മുൻനിര സ്ഥാപനങ്ങളിലെ 101 മാർക്കറ്റിംഗ് പ്രൊഫഷണലുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ADNOC, e&, Dubai Holding, Abu Dhabi Islamic Bank, Al-Futtaim Group, DIFC Dubai, Cleveland Clinic Abu Dhabi, Qatar Financial Centre, LuLu Group തുടങ്ങിയ മിഡിൽ ഈസ്റ്റിലെ മുൻനിര സ്ഥാപനങ്ങളിലെ മാർക്കറ്റിംഗ് മേധാവികളാണ് പട്ടികയിൽ ഇടം നേടിയത്.

തിരുവനന്തപുരം സ്വദേശിയായ വി. നന്ദകുമാർ, ഫോർബ്സ് മിഡിൽ ഈസ്റ്റ് 2020ൽ പ്രസിദ്ധീകരിച്ച പട്ടികയിലും ഇടം നേടിയിരുന്നു. രണ്ട് പതിപ്പുകളിലും അംഗീകാരം നേടുന്ന അപൂർവ നേട്ടമാണ് അദ്ദേഹം കൈവരിച്ചിരിക്കുന്നത്.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമ, മാർക്കറ്റിംഗ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് രംഗത്തെ അനുഭവസമ്പത്തുള്ള നന്ദകുമാർ കഴിഞ്ഞ 26 വർഷമായി ലുലു ഗ്രൂപ്പിനൊപ്പമാണ് പ്രവർത്തിക്കുന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കൊപ്പം അടുത്ത് പ്രവർത്തിച്ച അദ്ദേഹം, ഗ്രൂപ്പിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

മിഡിൽ ഈസ്റ്റിലും ഇന്ത്യയിലുമായി ലുലു ഗ്രൂപ്പ് നടപ്പാക്കിയ നിരവധി പ്രധാന പദ്ധതികൾ, പുതിയ സംരംഭങ്ങൾ, പ്രചാരണ കാമ്പെയ്‌നുകൾ, സാമൂഹിക ഇടപെടലുകൾ, പുതിയ കോർപ്പറേറ്റ് സംരംഭങ്ങൾ എന്നിവയുടെ ആസൂത്രണത്തിലും നടപ്പാക്കലിലും അദ്ദേഹം സജീവമായി പങ്കെടുത്തിട്ടുണ്ട്. കേരളവുമായി ബന്ധപ്പെട്ട ലുലു ഗ്രൂപ്പിന്റെ വിവിധ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും പിന്നിലും അദ്ദേഹത്തിന്റെ മികച്ച സാന്നിധ്യമുണ്ട്.

നിലവിൽ ലുലു ഗ്രൂപ്പിന്റെ ആഗോള മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നന്ദകുമാർ, ബ്രാൻഡ് വികസനം, ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ-കൊമേഴ്‌സ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് എന്നീ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

മിഡിൽ ഈസ്റ്റ് മേഖലയെ മുഴുവൻ ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടികയിൽ ഈജിപ്ത്, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ പ്രൊഫഷണലുകളാണ് ആധിപത്യം പുലർത്തുന്നത്. 21 ഈജിപ്ഷ്യൻ, 13 എമിറാത്തി, 12 സൗദി മാർക്കറ്റിംഗ് മേധാവികൾ പട്ടികയിൽ ഇടം നേടിയപ്പോൾ ഇന്ത്യക്കാരുടെ എണ്ണം താരതമ്യേന കുറവാണ്. മധ്യപൂർവ്വേഷ്യയുടെ സമ​ഗ്രവികസനത്തിൽ മികച്ച പങ്കാളിത്വം വഹിക്കുന്ന പ്രൊഫഷ്ണലുകളുടെ പട്ടികയിൽ മലയാളിയായ വി. നന്ദകുമാർ ഇടം നേടിയിരിക്കുന്നതെന്നത് ശ്രദ്ധേയമായ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.