ഷെയ്ൻ നിഗം ചിത്രങ്ങൾക്കെതിരെ കഥാ മോഷണ ആരോപണം: അണിയറപ്രവർത്തകർക്കെതിരെ മുൻ ഡിജിപി ആർ. ശ്രീലേഖ

ഷെയ്ൻ നിഗം ചിത്രങ്ങൾക്കെതിരെ കഥാ മോഷണ ആരോപണം: അണിയറപ്രവർത്തകർക്കെതിരെ മുൻ ഡിജിപി ആർ. ശ്രീലേഖ

തിരുവനന്തപുരം: നടൻ ഷെയ്ൻ നിഗം നായകനായ ‘ദൃഢം’, ‘ഭൂതകാലം’ എന്നീ സിനിമകൾ തന്റെ കഥകൾ മോഷ്‌ടിച്ച് നിർമ്മിച്ചതാണെന്ന ഗുരുതര ആരോപണവുമായി മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്ത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ സിനിമാ അണിയറപ്രവർത്തകർക്കെതിരെ രംഗത്തെത്തിയത്.

അടുത്തിടെ റിലീസ് ചെയ്ത ‘ദൃഢം’ എന്ന സിനിമ കണ്ടതിന് പിന്നാലെയാണ് ശ്രീലേഖ പരസ്യ പ്രതികരണവുമായി എത്തിയത്. വർഷങ്ങൾക്ക് മുൻപ് താൻ എഴുതി മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘കരിങ്കുടി പോലീസ് ‌സ്റ്റേഷൻ’ എന്ന ചെറുകഥ മോഷ്‌ടിച്ചാണ് ഈ സിനിമയുടെ മൂലകഥ തയാറാക്കിയിരിക്കുന്നതെന്ന് അവർ ആരോപിക്കുന്നു. ഒരു പോലീസ് കഥയായതിനാലാണ് സിനിമ യാദൃശ്ചികമായി കാണാൻ ഇടയായതെന്നും അവർ വ്യക്തമാക്കി.

‘ദൃഢം’ മാത്രമല്ല, മൂന്ന് വർഷം മുൻപ് ഏറെ അവാർഡുകൾ വാരിക്കൂട്ടിയ ‘ഭൂതകാലം’ എന്ന സിനിമയും തന്റെ അനുഭവക്കുറിപ്പിന്റെ മോഷണമാണെന്ന് ശ്രീലേഖ കുറിപ്പിൽ പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്ന ആ കഥയ്ക്ക് ‘ഭൂതഭവനം’ എന്നായിരുന്നു താൻ പേരിട്ടിരുന്നതെന്നും, സിനിമയുടെ തലക്കെട്ടിൽ പോലും ഈ സാമ്യമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. തന്റെ ആരോപണങ്ങൾ തെളിയിക്കുന്നതിനായി ഇരു കഥകളുടെയും യൂട്യൂബ് ശ്രവണലിങ്കുകളും അവർ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, സിനിമകളുടെ അണിയറപ്രവർത്തകർക്കെതിരെയാണ് തന്റെ പരാതിയെന്നും ചിത്രങ്ങളിലെ നായകനായ ഷെയ്ൻ നിഗത്തിനോട് തനിക്ക് വ്യക്തിപരമായി യാതൊരു വിരോധവുമില്ലെന്നും ശ്രീലേഖ വ്യക്തമാക്കി. ‘പറവ’ എന്ന സിനിമ മുതൽ ഷെയ്ന്റെ അഭിനയം തനിക്ക് ഇഷ്ടമാണെന്നും തന്നോടൊപ്പം ജോലി ചെയ്തിരുന്ന ഒരു ജൂനിയർ പോലീസ് ഓഫീസറുടെ മുഖസാദൃശ്യം ഷെയ്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കഥാ മോഷണവുമായി ബന്ധപ്പെട്ട് സിനിമാ പ്രവർത്തകരുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.