അഹമ്മദാബാദ്: ടി20 ലോകകപ്പ് നിലനിർത്തി ഇന്ത്യ. അഹമ്മദാബാദിൽ നടന്ന കലാശപ്പോരിൽ 96 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് 19 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 159 റൺസിന് എല്ലാവരും പുറത്തായി.
അർധസെഞ്ചുറി നേടിയ ടിം സെയ്ഫർട്ടാണ് (52) കിവീസിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ മിച്ചൽ സാന്റനർ (43) റൺസ് നേടി. ഇന്ത്യയ്ക്കായി ബുംറ നാലും അക്സർ പട്ടേൽ മൂന്നും വിക്കറ്റ് വീഴ്ത്തി. സ്കോർ: ഇന്ത്യ 255/5 ന്യൂസിലൻഡ് 159/10 (19).
ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സഞ്ജു സാംസൺ (89), അഭിഷേക് ശർമ (52), ഇഷാൻ കിഷൻ (54) എന്നിവർ അടിച്ച് തകർത്തതോടെ റോക്കറ്റ് വേഗത്തിൽ റൺറേറ്റ് ഉയർന്നു. പവർപ്ലേയിൽ സഞ്ജു അഭിഷേക് സഖ്യം 92 റൺസാണ് അടിച്ചെടുത്തത്.
മൂന്നാം കിരീടനേട്ടത്തിലൂടെ ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ ചാന്പ്യൻമാരാകുന്ന ടീമെന്ന ഖ്യാതി ഇന്ത്യ സ്വന്തമാക്കി. രണ്ടു കിരീടങ്ങളുമായി ഒപ്പമുണ്ടായിരുനന്ന വിൻഡീസിനെയും ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ മറികടന്നത്.
ടി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ചാമ്പ്യൻ ടീമെന്ന റിക്കോർഡും സ്വന്തം നാട്ടിൽ ലോകകപ്പ് ജേതാക്കളാകുന്ന ആദ്യ ടീമെന്ന റിക്കോർഡും ഈ ജയത്തോടെ ഇന്ത്യ സ്വന്തമാക്കി.

Leave feedback about this