സ്വർണവില ഇന്നും വലിയ തകർച്ചയിൽ. ഇന്നലെ രണ്ടുതവണയായി 4000 രൂപയ്ക്കടുത്ത് ഇടിവ് നേരിട്ട പവൻവില ഇന്ന് രാവിലെ 1560 രൂപ താഴ്ന്ന് 1,06,800 രൂപയിലെത്തി. ഇതോടെ ഇന്നലെയും ഇന്നുമായി മാത്രം പവന് 5520 രൂപ കുറഞ്ഞു. ഇതാണ് ട്രെൻഡ് എങ്കിൽ വരുംദിവസങ്ങളിൽ തന്നെ പവൻവില ഒരുലക്ഷം രൂപയ്ക്ക് താഴെയെത്താം.
ഗ്രാമിന് ഇന്ന് 195 രൂപ കുറഞ്ഞ് 13,350 രൂപയായി. ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവന്റെ എക്കാലത്തെയും റെക്കോർഡ് വില. ഗ്രാമിന് അന്ന് 16,395 രൂപയായിരുന്നു. പിന്നീടാണ് പശ്ചിമേഷ്യ യുദ്ധകലുഷിതമായതും എണ്ണവില വർധിച്ചതും പണപ്പെരുപ്പപ്പേടി ഉയർന്നതും. ഇതോടെ ഡോളർ ശക്തമാവുകയും സ്വർണം തളരുകയുമായിരുന്നു.