ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പാർലമെന്റ് മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് ജന്തർ മന്തർ പ്രദേശം സംഘർഷഭരിതമായി. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും നിരവധി തവണ ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.
സമരക്കാരെ ചർച്ചയ്ക്കായി കേന്ദ്ര സർക്കാർ ക്ഷണിച്ചിട്ടുണ്ടെന്ന് സിജെപി നേതൃത്വം അറിയിച്ചെങ്കിലും, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.
സംഭവസ്ഥലത്ത് ക്വിക്ക് റെസ്‌പോൺസ് ടീമുകൾ ഉൾപ്പെടെ 300-ലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഡപ്യൂട്ടി കമ്മിഷണർ, അഡീഷണൽ ഡിസിപി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ സുരക്ഷാ ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തുകയാണ്.
അതേസമയം, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ആഭ്യന്തരമന്ത്രി അമിത് ഷായുമായി പാർലമെന്റിൽ കൂടിക്കാഴ്ച നടത്തുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധ സ്ഥലത്ത് നടൻ പ്രകാശ് രാജ് ഉൾപ്പെടെയുള്ളവർ തുടരുകയാണ്. ജന്തർ മന്തറിലേക്കുള്ള പ്രവേശനത്തിൽ പൊലീസ് കർശന പരിശോധനയും സുരക്ഷാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.