;

തൃശൂർ പൂരം കലക്കൽ: പുതിയ അന്വേഷണ സമിതിയില്ല; ക്രൈംബ്രാഞ്ച് സംഘം തന്നെ തുടർ അന്വേഷണം നടത്തും

തൃശൂർ പൂരം കലക്കൽ: പുതിയ അന്വേഷണ സമിതിയില്ല; ക്രൈംബ്രാഞ്ച് സംഘം തന്നെ തുടർ അന്വേഷണം നടത്തും

തൃശൂർ: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിർണായക തീരുമാനം. പൂരം കലക്കൽ സംഭവത്തിൽ അന്വേഷണം നടത്താൻ പുതിയ സമിതിയെ നിയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. നിലവിൽ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘം തന്നെ കേസിൽ ആവശ്യമായ തുടർപരിശോധനകൾ പൂർത്തിയാക്കും. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ അന്വേഷണ സംഘത്തിന് നേരിട്ട് മാർഗനിർദേശങ്ങൾ നൽകും.

പൂരച്ചടങ്ങുകൾ അട്ടിമറിച്ചതിന് പിന്നിൽ തിരുവമ്പാടി വിഭാഗത്തിന് പങ്കുണ്ടെന്നായിരുന്നു പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. എന്നാൽ, ഈ ഗുരുതര ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ശക്തമായ തെളിവുകളോ രേഖകളോ റിപ്പോർട്ടിൽ വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് ഫയൽ തിരിച്ചയച്ചിരുന്നു. ഇതേത്തുടർന്നാണ് നിലവിലുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് തന്നെ കൂടുതൽ പരിശോധനകൾ നടത്താൻ തീരുമാനിച്ചത്.

പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിലും നിയന്ത്രണങ്ങളിലും ഉണ്ടായ അതൃപ്തിയാണ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ സംഭവത്തിലേക്ക് നയിച്ചതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ കലാപാഹ്വാനം നടത്തിയെന്നും ഇരുവിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് എട്ട് ഭാരവാഹികൾക്കെതിരെ കുറ്റം ചുമത്താനും റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.

;