തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം തള്ളി സംസ്ഥാന സർക്കാർ. പെൻഷൻ വർധിപ്പിച്ചാൽ പ്രതിവർഷം 12 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് സർക്കാരിന്റെ വിശദീകരണം. ഇതോടെ പെൻഷൻ വർധിപ്പിക്കേണ്ടതില്ലെന്ന തീരുമാനം സർക്കാർ ഉത്തരവായി പുറത്തിറക്കി.
നിലവിൽ കെഎസ്ആർടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വരുമാനനഷ്ടം നേരിടുകയാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. സ്ഥാപനത്തിന്റെ ദൈനംദിന ചെലവുകൾ പോലും കണ്ടെത്താൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ പെൻഷൻ വർധന അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നാണ് സർക്കാർ നിലപാട്.
അതേസമയം, പെൻഷൻ പരിഷ്കരിക്കണമെന്ന വിരമിച്ച ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഹൈക്കോടതി നിർദേശത്തിന് പിന്നാലെ പെൻഷൻ വർധന പ്രതീക്ഷിച്ചിരുന്ന പെൻഷൻകാർക്ക് സർക്കാരിന്റെ തീരുമാനം തിരിച്ചടിയായി.