;

തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച സംഭവം; എസ്.ഐ. അനസിന് സസ്‌പെൻഷൻ

തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച സംഭവം; എസ്.ഐ. അനസിന് സസ്‌പെൻഷൻ

കൊച്ചി: തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ എടുത്ത സംഭവത്തിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്.ഐ. അനസിനെ സസ്‌പെൻഡ് ചെയ്തു. സംഭവം വിവാദമായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി.

അനസ് ലഹരിമരുന്ന് എടുത്തശേഷം തിരികെ വെച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. ഇതുസംബന്ധിച്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.

എസ്.ഐക്കെതിരായ നടപടി വൈകിയെന്ന ആരോപണവും ഉയർന്നിരുന്നു. ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് അനസിന് കടബാധ്യതയുണ്ടായിരുന്നുവെന്ന വിവരവും അന്വേഷണപരിധിയിലുണ്ട്. സാമ്പത്തിക ബാധ്യതകൾ തീർക്കാനാണോ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ എടുത്തതെന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്.

അനസ് ലഹരി ഉപയോഗിക്കുന്നയാളാണോ, ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട സംഘങ്ങളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരേണ്ടതുണ്ട്. സംഭവത്തിൽ കേസെടുത്ത് കൂടുതൽ നിയമനടപടികളിലേക്ക് കടക്കുമോയെന്നതും ശ്രദ്ധേയമാണ്.

;