കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജഡ്ജി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജുഡീഷ്യൽ ഓഫീസറായതിനാൽ ഒളിവിൽ പോകാനുള്ള സാഹചര്യമില്ലെന്നും നിരീക്ഷിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്താണ് അറസ്റ്റ് തടഞ്ഞത്.
അന്വേഷണവുമായി സഹകരിക്കണമെന്ന് ജഡ്ജിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, കേസിൽ ക്രൈംബ്രാഞ്ച് സംഘം ജഡ്ജിയെ ഇന്നും ചോദ്യം ചെയ്യും. രാവിലെ 11ന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ബുധനാഴ്ച മൂന്ന് മണിക്കൂറോളം ജഡ്ജിയെ ചോദ്യം ചെയ്തിരുന്നു.
ജഡ്ജിയുടെ ഫ്ലാറ്റിൽ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച വൈകിട്ടും പൊലീസ് പരിശോധന നടത്തി. പതിനേഴുകാരൻ ഉപയോഗിച്ചിരുന്നതായി സംശയിക്കുന്ന ആഡംബര ബൈക്കും ചില ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജഡ്ജിയെ സസ്പെൻഡ് ചെയ്യേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം ഹൈക്കോടതി തീരുമാനമെടുക്കും. ചീഫ് ജസ്റ്റിസ് സൗമെൻ സെന്നിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തുടർനടപടികൾ സംബന്ധിച്ച കാര്യങ്ങൾ പരിഗണിക്കുന്നത്.