;

അരുണാചൽ അതിർത്തിയിൽ ചൈനീസ് സൈന്യവുമായി ഏറ്റുമുട്ടൽ തുടരുന്നു; സ്ഥിരീകരിച്ച് ഐ.ടി.ബി.പി മേധാവി

അരുണാചൽ അതിർത്തിയിൽ ചൈനീസ് സൈന്യവുമായി ഏറ്റുമുട്ടൽ തുടരുന്നു; സ്ഥിരീകരിച്ച് ഐ.ടി.ബി.പി മേധാവി

ന്യൂഡൽഹി: അരുണാചൽ പ്രദേശ് അതിർത്തിയിലെ വിവിധ മേഖലകളിൽ ചൈനീസ് സൈന്യവുമായി ഏറ്റുമുട്ടലുകൾ തുടരുന്നതായി ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ഡയറക്ടർ ജനറൽ ശത്രുജിത് കപൂർ. അതിർത്തിയിലെ സംഘർഷാവസ്ഥ സംബന്ധിച്ച് ആദ്യമായാണ് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവരുന്നതെന്നാണ് റിപ്പോർട്ട്.

യഥാർഥ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള തന്ത്രപ്രധാനമായ പട്രോളിങ് പോയിന്റുകളിലേക്ക് ഇന്ത്യൻ സൈനികർക്ക് പ്രവേശനം നിഷേധിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന ജൂലൈ മുതൽ ഏറ്റുമുട്ടലുകൾ ആരംഭിച്ചിരുന്നതായി ശത്രുജിത് കപൂർ പറഞ്ഞു. ഐടിബിപി ഉദ്യോഗസ്ഥരുടെ വാർഷിക അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റുമുട്ടലുകളിൽ പുതുതായി രൂപീകരിച്ച ‘ശൗര്യ’ കമാൻഡോകൾ മികച്ച പ്രകടനം കാഴ്ചവെച്ചതായും അദ്ദേഹം വ്യക്തമാക്കി. ഉയർന്ന പ്രദേശങ്ങളിലെ യുദ്ധമുറകളിൽ പ്രത്യേക പരിശീലനം നേടിയവരാണ് ഈ കമാൻഡോകൾ. അതിർത്തിയിലെ വെല്ലുവിളികളെ നേരിടുന്നതിൽ ഇവരുടെ പങ്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുമായുള്ള അതിർത്തിയാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ മുന്നണിയെന്നും ഐടിബിപി മേധാവി ചൂണ്ടിക്കാട്ടി. അതിർത്തിയിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ അതിർത്തി യൂണിറ്റുകളിലും ഡ്രോൺ പ്ലാറ്റൂണുകൾ രൂപീകരിച്ചിട്ടുണ്ട്. ഗാൽവാൻ താഴ്‌വരയിലേതിന് സമാനമായ സംഘർഷസാഹചര്യങ്ങൾ നേരിടുന്നതിനായി പ്രത്യേക പോരാട്ട പരിശീലന പരിപാടിയും നടപ്പാക്കിവരികയാണ്. കൂടാതെ, അതിർത്തിയിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഭൂഗർഭ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

1962-ൽ രൂപീകരിച്ച ഐടിബിപിക്കാണ് ചൈനയുമായുള്ള 3,488 കിലോമീറ്റർ ദൈർഘ്യമുള്ള യഥാർഥ നിയന്ത്രണരേഖയുടെ സുരക്ഷാ ചുമതല. സമീപ മാസങ്ങളിൽ അരുണാചൽ പ്രദേശ് അതിർത്തിയിലെ സംഘർഷാവസ്ഥ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ ഐടിബിപി മേധാവിയുടെ വെളിപ്പെടുത്തൽ ശ്രദ്ധേയമാണ്.

;