കണ്ണൂർ: എ.ഡി.എം. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായതിനെത്തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിവന്ന പി.പി. ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു. സി.പി.എം ബന്ധം ഉപേക്ഷിക്കുന്നതിന്റെ സൂചനയാണോ കുറിപ്പെന്ന തരത്തിലാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ ഉയരുന്നത്.
‘ഒരിക്കൽ ശരിയെന്നു തോന്നിയത് എക്കാലവും ശരിയാകണമെന്നില്ല’ എന്ന ആശയമാണ് ദിവ്യയുടെ കുറിപ്പിന്റെ കാതൽ. ഒരുകരയിൽനിന്ന് മറുകരയിലെത്താൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ലെന്നും അത് ഉപേക്ഷിക്കുന്നത് നന്ദികേടല്ലെന്നും ദിവ്യ കുറിക്കുന്നു.
ബുദ്ധന്റെ കഥയെ ആസ്പദമാക്കിയാണ് ദിവ്യയുടെ കുറിപ്പ്. ഒരിക്കൽ ചേർത്തുപിടിച്ച ചില ബന്ധങ്ങൾ ഇന്ന് വേദനിപ്പിക്കുന്നുണ്ടാകാം. ഒരു കാലത്ത് തുണയായിരുന്ന ചില ശീലങ്ങൾ ഇന്ന് മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമാകുന്നുണ്ടാകാം. ഒരിക്കൽ ശരിയെന്ന് തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ലെന്നും കുറിപ്പിലുണ്ട്.
ചിലതിനോട് നന്ദിയുള്ളവരായിരിക്കണം. ചിലതിനെ സ്നേഹത്തോടെ യാത്രയാക്കണം. ഒരു കരയിൽനിന്ന് മറ്റൊരു കരയിലേക്ക് എത്തിക്കാൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ലെന്നും ജീവിതം പഠിപ്പിച്ച പാഠം തിരിച്ചറിയലാണെന്നും ദിവ്യ പറയുന്നു.
കുറിപ്പിലെ ബന്ധങ്ങളെയും ചങ്ങാടത്തെയും കുറിച്ചുള്ള പരാമർശങ്ങൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സി.പി.എമ്മുമായുള്ള ബന്ധത്തിൽനിന്ന് അകന്നുപോകാനുള്ള സൂചനയാണോ ഇതെന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം, പാർട്ടി ബന്ധം ഉപേക്ഷിക്കുകയാണെന്ന് ദിവ്യ നേരിട്ട് വ്യക്തമാക്കിയിട്ടില്ല. തുടർ കുറിപ്പുകൾ ഉണ്ടാകുമെന്ന സൂചനയും പോസ്റ്റിലുണ്ടെന്നാണ് വിലയിരുത്തൽ.