;

കോവളം സ്പാ പീഡനക്കേസ്: മനുഷ്യക്കടത്ത് ബന്ധം അന്വേഷിച്ച് പൊലീസ്; അന്വേഷണം വ്യാപിപ്പിച്ചു

കോവളം സ്പാ പീഡനക്കേസ്: മനുഷ്യക്കടത്ത് ബന്ധം അന്വേഷിച്ച് പൊലീസ്; അന്വേഷണം വ്യാപിപ്പിച്ചു

തിരുവനന്തപുരം: കോവളം സ്പായിലെ പീഡനക്കേസിൽ സ്പാ ഉടമ അനുരൂപിന് പെൺവാണിഭ സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് അന്വേഷണം ഊർജിതമാക്കി പൊലീസ്. അനുരൂപ് നേരത്തെയും മനുഷ്യക്കടത്ത് നടത്തിയിരുന്നതായും ലൈംഗിക ചൂഷണത്തിനായി പെൺകുട്ടികളെ എത്തിച്ചിരുന്നതായും അന്വേഷണത്തിൽ വിവരം ലഭിച്ചതായാണ് റിപ്പോർട്ട്. എത്തിച്ചവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

കോവളത്തിന് പുറമേ വിഴിഞ്ഞം, പൊഴിയൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അനുരൂപിന്റെ സ്പാകളിലെ വനിതാ ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്. ഇതരസംസ്ഥാനങ്ങളിൽനിന്ന് പെൺകുട്ടികളെ കേരളത്തിലെത്തിച്ചിരുന്നതായി സംശയിക്കുന്ന ബെംഗളൂരുവിലെ ഇടനിലക്കാരിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണസംഘത്തെ വിപുലീകരിച്ചു. കൺട്രോൾ റൂം എസിപിക്കായിരിക്കും അന്വേഷണത്തിന്റെ ചുമതല. കോവളം സിഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംഘത്തിൽ തുടരും.

അതിനിടെ, പീഡനത്തിനിരയായ പെൺകുട്ടിയെ തമിഴ്‌നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഗുഡുവാഞ്ചേരി പൊലീസ് സംഘം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. പെൺകുട്ടിയെ നാളെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) അനുമതി തേടി തമിഴ്‌നാട് പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്.

;