;

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ എംപിമാരുടെ മാർച്ച്; ആകാശവാണി ഭവന് മുന്നിൽ പൊലീസ് തടഞ്ഞു

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ എംപിമാരുടെ മാർച്ച്; ആകാശവാണി ഭവന് മുന്നിൽ പൊലീസ് തടഞ്ഞു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ എംപിമാർ ഡൽഹിയിൽ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പാർലമെന്റിലെ മകരദ്വാർ മുതൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനമായ നിർവാചൻ സദനിലേക്കായിരുന്നു മാർച്ച്. ആകാശവാണി ഭവന് സമീപം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് തടയുകയായിരുന്നു.

തുടർന്ന് പ്രതിപക്ഷ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബാരിക്കേഡ് മറികടക്കാൻ സമാജ്‌വാദി പാർട്ടി പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള നേതാക്കൾ മാർച്ചിൽ പങ്കെടുത്തു. ബി.ജെ.ഡി എംപിമാരും പ്രതിഷേധത്തിൽ പങ്കുചേർന്നു.

ഗ്യാനേഷ് കുമാറിന്റെ രാജിയും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) പിൻവലിക്കണമെന്ന ആവശ്യവുമാണ് ഇന്ത്യ സഖ്യത്തിന്റെ പ്രധാന ആവശ്യങ്ങൾ. SIR നടപടികളിൽ ക്രമക്കേടുണ്ടെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപണങ്ങൾ നിഷേധിക്കുകയും നടപടികൾ നിയമാനുസൃതമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്

;