തിരുവനന്തപുരം: പി. നന്ദകുമാർ മലപ്പുറം ജില്ലയെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായ നന്ദകുമാറിൽ നിന്ന് ഇത്തരമൊരു പിഴവ് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു.
നന്ദകുമാറിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ പ്രസ്താവന അനുചിതമായിരുന്നുവെന്ന നിലപാടാണ് ബിനോയ് വിശ്വം വ്യക്തമാക്കിയത്.
അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തെ സിപിഐ സ്വാഗതം ചെയ്യുന്നതായും ബിനോയ് വിശ്വം പറഞ്ഞു. അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോകണം. കാലതാമസം ഉണ്ടായാലും കുറ്റം കുറ്റമായി തന്നെ നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷൻ പോലെയുള്ള സുപ്രധാന ഭരണഘടനാ സ്ഥാപനത്തിന്റെ മേധാവി എന്ന നിലയിൽ ഗ്യാനേഷ് കുമാറിനെതിരെ ബിനോയ് വിശ്വം രൂക്ഷ വിമർശനവും ഉന്നയിച്ചു. ഗ്യാനേഷ് കുമാർ കളങ്കവും ആർത്തിയുമുള്ള വ്യക്തിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.