;

പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മാറ്റം; ഇ.എൻ. സുരേഷ് ബാബുവിനെ നീക്കി

പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മാറ്റം; ഇ.എൻ. സുരേഷ് ബാബുവിനെ നീക്കി

പാലക്കാട്: പരാതികളെ തുടർന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് നീക്കി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത വിശാല ജില്ലാ കമ്മിറ്റി യോഗത്തിലാണ് നേതൃമാറ്റത്തിന് തീരുമാനമായത്. മുൻ എംഎൽഎ വി. ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

ജില്ലാ സെക്രട്ടറിയെന്ന നിലയിൽ പാർട്ടിയിലെ വിഭാഗീയത പരിഹരിക്കുന്നതിലും വിമത നീക്കങ്ങൾ തടയുന്നതിലും സുരേഷ് ബാബു പരാജയപ്പെട്ടുവെന്നായിരുന്നു ഒറ്റപ്പാലം, പുതുശേരി തുടങ്ങിയ ഏരിയ കമ്മിറ്റികളുടെ പ്രധാന പരാതി.

കോങ്ങാട്, തൃത്താല ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പാർട്ടിയിലെ വിഭാഗീയത കാരണമായെന്ന് ജില്ലാ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതായാണ് വിവരം. അട്ടപ്പാടിയിലെ അനധികൃത ഭൂമി ഇടപാടുകളിൽ ചില സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണവും യോഗത്തിൽ ഉയർന്നു.

പാർട്ടി റിയൽ എസ്റ്റേറ്റ് മാഫിയയുടെ സ്വഭാവത്തിലേക്ക് മാറുന്നുവെന്ന വിമർശനവും നേതാക്കളുടെ സ്വത്തുവിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നതായി റിപ്പോർട്ടുണ്ട്. സംഘടനാ സംവിധാനത്തിലും പ്രവർത്തന ശൈലിയിലും ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നേതൃത്വമാറ്റം.

;