തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങളിൽ അടുത്തിടെ നിറഞ്ഞുനിന്ന നടൻ ദേവൻ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കുനേരെയുണ്ടായ ആക്രമണത്തെക്കുറിച്ചാണ് ദേവൻ തുറന്നുപറഞ്ഞത്. വടിവാളുമായി നാല് പേർ ആക്രമിക്കാനെത്തിയെന്നും കളരി അഭ്യസിച്ചിരുന്നതിനാൽ അന്ന് ആക്രമണത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നെന്നും ദേവൻ പറഞ്ഞു. സംഭവത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാൻ ശ്രമിച്ചെങ്കിലും പൊലീസ് പരാതി സ്വീകരിക്കാൻ വിസമ്മതിച്ചെന്നും അദ്ദേഹം ആരോപിച്ചു.
‘തെരഞ്ഞെടുപ്പ് സമയത്ത് ആക്രമണം നേരിട്ടിട്ടുണ്ട്. കളരി അറിയാവുന്നതുകൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്. വാളൊക്കെ കൊണ്ടാണ് അക്രമികൾ വന്നത്’ – ദേവൻ പറഞ്ഞു.
വടക്കാഞ്ചേരിയിൽ വച്ചായിരുന്നു ആക്രമണമുണ്ടായത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കി ക്ഷീണിതനായി ഒറ്റയ്ക്ക് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അക്രമികൾ തന്നെ സമീപിച്ചതെന്നും ദേവൻ വ്യക്തമാക്കി.