രമ്യ ഹരിദാസും പാർട്ടി പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം; സജിത് മുട്ടപ്പലത്തിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് ഒരുവിഭാ​ഗം; അറസ്റ്റ് ചെയ്താൽ ഉപരോധിക്കുമെന്നും മുന്നറിയിപ്പ്

രമ്യ ഹരിദാസും പാർട്ടി പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം; സജിത് മുട്ടപ്പലത്തിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് ഒരുവിഭാ​ഗം; അറസ്റ്റ് ചെയ്താൽ ഉപരോധിക്കുമെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് എം.എൽ.എ രമ്യ ഹരിദാസും പാർട്ടി പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ സജിത് മുട്ടപ്പലത്തിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ്. സ്ത്രീസുരക്ഷാ നിയമം രമ്യ ഹരിദാസ് ദുരുപയോഗം ചെയ്തെന്നും സജിത്തിനെ അറസ്റ്റ് ചെയ്താൽ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ പറഞ്ഞു. വിഷയത്തിലെ സംഘടനയുടെ നിലപാട് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ രമ്യ ഹരിദാസിന്റെ പരാതിയിൽ സജിത് മുട്ടപ്പലം ഉൾപ്പെടെ 14 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സജിത്തിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തിയത്.

ചിറയിൻകീഴിലെ സംഘർഷവുമായി ബന്ധപ്പെട്ട് നേരത്തെ രമ്യ ഹരിദാസ് പ്രതികരിച്ചിരുന്നു. കിഴുവിലം ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നും പാർട്ടി സ്വീകരിച്ച നിലപാടിനൊപ്പം താൻ നിന്നിരുന്നുവെന്നും എം.എൽ.എ പറഞ്ഞു. തുടർന്ന് സജിത് ഉൾപ്പെടെയുള്ളവർ വാട്‌സാപ് വഴി മോശമായ രീതിയിൽ പ്രചാരണം നടത്തിയെന്നും സജിത്തും വിശ്വനാഥൻ നായരും ചായക്കടകളിൽ ഉൾപ്പെടെ അപവാദപ്രചാരണം നടത്തിയെന്നും രമ്യ ആരോപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് എല്ലാ നേതാക്കൾക്കും പരാതി നൽകിയിരുന്നുവെന്നും ഏറെക്കാലമായി സൈബർ ആക്രമണം നേരിടുകയാണെന്നും രമ്യ പറഞ്ഞു. തനിക്കൊപ്പം ഉണ്ടായിരുന്ന പാളയം പ്രദീപ് തന്റെ സ്റ്റാഫാണെന്നും എം.എൽ.എ വ്യക്തമാക്കി. എന്നാൽ, നിയമസഭയുടെ പേറോളിൽ പാളയം പ്രദീപിന്റെ പേര് ഇതുവരെ ഇല്ലെന്നാണ് വിവരം.

അതേസമയം, എം.എൽ.എയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് കോൺഗ്രസ് പ്രാദേശിക നേതാവ് സജാദ് പറഞ്ഞു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും എം.എൽ.എയും സംഘവും തന്റെ വീട്ടിലെത്തി അതിക്രമം കാണിക്കുകയായിരുന്നുവെന്നും സജാദ് ആരോപിച്ചു.

താൻ എം.എൽ.എയെ വീട്ടിലേക്ക് വിളിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് കണ്ടതിനെ തുടർന്ന് അവർ സ്വന്തം നിലയിലാണ് വീട്ടിലെത്തിയതെന്നും സജാദ് പറഞ്ഞു.