കൊച്ചി: രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ ഫോർട്ട് കൊച്ചി മാലിന്യപ്രശ്നത്താൽ വലഞ്ഞിട്ടും കണ്ണടച്ച് കോർപറേഷൻ. ഫോർട്ട് കൊച്ചി ബീച്ചിലെ മാലിന്യപ്രശ്നവും ശോചനീയാവസ്ഥയും രൂക്ഷമായിട്ടും നടപടി സ്വീകരിക്കാതെ കോർപ്പറേഷൻ മുന്നോട്ടു പോകുന്നതിൽ പ്രതിഷേധം ഇരമ്പുകയാണ്. ചീനവലകൾ സ്ഥിതിചെയ്യുന്ന പ്രദേശം ഉൾപ്പെടെയുള്ള തീരത്ത് പായലും പ്ലാസ്റ്റിക്കും അടിഞ്ഞുകൂടി ഗുരുതരമായ ആരോഗ്യഭീഷണിയും വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയും സൃഷ്ടിക്കുന്നുണ്ട്.
യന്ത്രവൽകൃത ശുചീകരണ സംവിധാനത്തിന്റെ അഭാവമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അടിഞ്ഞുകൂടുന്ന പായലും ജൈവമാലിന്യങ്ങളും കുടുംബശ്രീ/സ്റ്റാർട്ടപ്പുകൾ വഴി ജൈവവളവും ബയോഗ്യാസുമാക്കി മാറ്റാനുള്ള പ്രായോഗികതയുണ്ടെങ്കിലും ഇവ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പായലിൽ നിന്ന് കരകൗശല വസ്തുക്കളും ബയോ പാക്കേജിംഗ് ഉൽപ്പന്നങ്ങളും നിർമ്മിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനുള്ള പദ്ധതികൾ പല രാഷ്ട്രീയ സംഘടനകളും മുന്നോട്ട് വച്ചിട്ടുണ്ട്. ആംആദ്മി പാർട്ടി മുന്നോട്ടുവച്ച നിർദേശങ്ങളും അധികൃതരുടെ മുന്നിലുണ്ട്. പരിസ്ഥിതി സൗഹൃദ കിയോസ്കുകൾ: നിയന്ത്രിത കിയോസ്കുകൾ ലേലം ചെയ്ത്, അതിൽ നിന്നുള്ള തുക ഉപയോഗിച്ച് ബീച്ച് ശുചീകരണം നടത്തുക.
സി.എസ്.ആർ (CSR) ഫണ്ട്: പോർട്ട് ട്രസ്റ്റ്, പ്രമുഖ കമ്പനികൾ എന്നിവയുടെ സഹകരണത്തോടെ ഓട്ടോമേറ്റഡ് ബീച്ച് ക്ലീനിംഗ് യന്ത്രങ്ങൾ ലഭ്യമാക്കുക.
ഗ്രീൻ ഫൈൻ: ടൂറിസം പോലീസ് വഴി മാലിന്യം തള്ളുന്നവരിൽ നിന്ന് തൽക്ഷണം പിഴ ഈടാക്കുക എന്നിവയാണ് ആവശ്യം.അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ വിനോദസഞ്ചാര-തദ്ദേശ സ്വയംഭരണ വകുപ്പുകൾക്ക് അദ്ദേഹം നിവേദനം നൽകിയിട്ടുണ്ട്.ഡി.ടി.പി.സി, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, കൊച്ചി കോർപ്പറേഷൻ എന്നിവ സംയുക്തമായി അടിയന്തര ശുചീകരണ ഡ്രൈവ് സംഘടിപ്പിച്ച് ഫോർട്ട് കൊച്ചിയുടെ പൈതൃക ഭംഗി വീണ്ടെടുക്കണമെന്ന് വിഷയത്തിൽ ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നത്.