കൊച്ചി: സംസ്ഥാനത്ത് ഓണക്കാലത്തിൻറെ വിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് ഗംഭീര തുടക്കം. ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടക്കുന്ന അത്തം ഘോഷയാത്ര മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
തൃപ്പൂണിത്തുറയ്ക്കും അത്തച്ചമയത്തിനും രാജകീയ പാരമ്പര്യമുണ്ടെന്നും അത്തച്ചമയം മതസൗഹാർദത്തിൻറെ ഒരുമ വിളിച്ചോതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃപ്പൂണിത്തുറയുടെ സമ്പന്നമായ രാജകീയ പാരമ്പര്യവും, അനുഷ്ഠാന കലകളും, ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനായി തൃപ്പൂണിത്തുറയെ ഒരു പൈതൃക നഗരമാക്കി മാറ്റണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തൃപ്പൂണിത്തുറ ഗവ.ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടന്ന ചടങ്ങിൽ ദീപക് ജോയ് എംഎൽഎ അധ്യക്ഷത വഹിച്ചു. മന്ത്രി അനൂപ് ജേക്കബ് പതാക ഉയർത്തി. തുടർന്ന് ചലച്ചിത്ര താരം ജഗദീഷ് ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.
സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയിൽ അണിനിരക്കുന്നത്. പുലികളി, തെയ്യം, വേലകളി, ചെണ്ടമേളം തുടങ്ങിയ തനത് നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര തൃപ്പൂണിത്തുറ നഗരത്തെ ആഘോഷത്തിലാഴ്ത്തുന്നത്. ഞായറാഴ്ച അവധി ദിവസമായതിനാൽ വൻ ജനത്തിരക്ക് ഉണ്ടാകാനാണ് സാധ്യത. അതിനാൽ തന്നെ നഗരത്തിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്