ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിൽ രണ്ട് പേർ മരിച്ചു. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ശനിയാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായത്.
റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. കെട്ടിടങ്ങൾ തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 5.58നാണ് ഭൂചലനമുണ്ടായതെന്ന് യു.എസ്. ജിയോളജിക്കൽ സർവേ അറിയിച്ചു. ഈസ്റ്റ് നുസ ടെങ്കാറ പ്രവിശ്യയിലെ എൻഡെ നഗരത്തിന് 68 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
സുനാമി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തീരപ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചതായും റിപ്പോർട്ടുണ്ട്.