ജാർഖണ്ഡിൽ ബിജെപി ബന്ദ് തുടങ്ങി; പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം

ജാർഖണ്ഡിൽ ബിജെപി ബന്ദ് തുടങ്ങി; പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം

റാഞ്ചി:ജാർഖണ്ഡിലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ നിയമസഭാ മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. രാവിലെ എട്ട് മുതലാണ് ബന്ദ് തുടങ്ങിയത്. തലസ്ഥാനമായ റാഞ്ചിയിലടക്കം വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.

ആരോഗ്യനില വഷളായതിനെ തുടർന്ന് നിരാഹാര സമരം നടത്തിയിരുന്ന വിദ്യാർഥി നേതാവ് ദേവേന്ദ്രനാഥ് മഹ്തോയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

തിങ്കളാഴ്ച നിയമസഭയിലേക്ക് നടത്തിയ മാർച്ചിനിടെ പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പിന്നാലെ ലാത്തിച്ചാർജും നടത്തി. നിരവധി വിദ്യാർഥികൾക്കും പൊലീസുകാർക്കും പരിക്കേറ്റു. വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ച നിയമസഭ പിരിഞ്ഞിരുന്നു.

ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ, ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകളിൽ നടന്നതായി ആരോപിക്കുന്ന ക്രമക്കേടുകൾക്കെതിരെയാണ് വിദ്യാർഥികളുടെ പ്രതിഷേധം.

ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ റദ്ദാക്കുക, ക്രമക്കേടുകളിൽ സിബിഐ അന്വേഷണം നടത്തുക, റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ടുവയ്ക്കുന്നത്.